ഒഴിഞ്ഞവളപ്പില്‍ അമേരിക്കന്‍ മധുരക്കിഴങ്ങിന്റെ സമൃദ്ധി


നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുള്ള 40 സെന്റ് സ്ഥലത്ത് നട്ടുവളര്‍ത്തിയ അമേരിക്കന്‍ മധുരക്കിഴങ്ങ് കിഴങ്ങ് വര്‍ഗകൃഷിയില്‍ പുതിയ പരീക്ഷണമായി.
റഷ്യയിലെ കാസ്പിയന്‍ കടലില്‍ കപ്പലില്‍ ജോലി ചെയ്യവെ ബെന്നി കാസ്റ്റര്‍ഡ എന്ന സുഹൃത്താണ് അമേരിക്കന്‍ മധുരകിഴങ്ങ് പരിചയപ്പെടുത്തിയത്. മെക്‌സിക്കക്കാരനായ അദ്ദേഹം നല്ലൊരു കൃഷിക്കാരനുമാണ്.
ഒഴിവ് വേളകളില്‍ രണ്ട് പേരും കൃഷിയിലെ വൈവിധ്യവല്‍ക്കരണം, പുതിയതരം കൃഷി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യും.
ഒരു ദിവസം കിഴങ്ങിനെക്കുറിച്ചായി സംസാരം. ഉള്ളില്‍ ഓറഞ്ച് നിറമുള്ള കിഴങ്ങിനെ അദ്ദേഹം പരിചയപ്പെടുത്തിയത് കാമോട്ടെ എന്നായിരുന്നു. മെക്‌സിക്കോയും സ്പാനിഷും കലര്‍ന്ന ഭാഷയില്‍ ഇയാള്‍ പറഞ്ഞ കാമോട്ടെയെ നേരില്‍ കാണണമെന്നായി. ലീവില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്നതാകട്ടെ നമ്മുടെ മധുരക്കിഴങ്ങ്. നാടന്‍ മധുരക്കിഴങ്ങുമായി ഒട്ടേറെ വ്യത്യാസമുള്ളതാണ് ഈ മധുരക്കിഴങ്ങ്. ഉള്ളില്‍ ഓറഞ്ച് നിറം. കാരറ്റിന്റെ ജാരസന്തതി. പച്ചയ്ക്ക് കഴിച്ചാല്‍ കാരറ്റിന്റെ രുചി, നാര് വളരെ കുറവ്. അദ്ദേഹം തന്ന കിഴങ്ങ് അബ്ദുള്ള നാട്ടിലേക്ക് കൊണ്ടുവന്നു. നാട്ടില്‍ എത്തിയപ്പോള്‍ അതിന് മുള വന്നിരിക്കുന്നു. അത് ഗ്രോ ബാഗില്‍ നട്ടു. മൂന്ന് വര്‍ഷം കൊണ്ട് കൂടുതല്‍ ചെടികളുണ്ടാക്കി. അങ്ങനെയാണ് അമേരിക്കന്‍ സ്വീറ്റ് പൊട്ടറ്റോ ഒഴിഞ്ഞവളപ്പില്‍ വ്യാപകമായത്. ഒരു കിഴങ്ങ് ഏകദേശം അര കിലോ തൂക്കമുണ്ടാകും. ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ ഖാദറാണ് മധ്യ കേരളത്തിലെ മധുരക്കിഴങ്ങ് ഉത്തരകേരളത്തില്‍ തീരപ്രദേശങ്ങളില്‍ കൊണ്ടുവന്നത്. 45 വര്‍ഷം മുമ്പ് മംഗലാപുരത്ത് പുകയില കച്ചവടത്തിന് പോയപ്പോള്‍ കൊണ്ടുവന്നതാണ് ഇന്ന് പ്രചാരത്തിലുള്ള കാഞ്ഞങ്ങാടന്‍ ലോക്കല്‍ മധുരക്കിഴങ്ങ്. അമേരിക്കന്‍ മധുരക്കിഴങ്ങിന്റെ വള്ളി വ്യാപകമായി പ്രചരിപ്പിക്കാനും അബ്ദുള്ള തയ്യാറാണ്. പരിസര പ്രദേശങ്ങളില്‍ ധാരാളം പേര്‍ വള്ളി കൊണ്ടുപോയിട്ടുണ്ട്.

Post a Comment

0 Comments