കാഞ്ഞങ്ങാട്: സാമൂഹികമാധ്യമങ്ങളില്‍ വ്യാജ മദ്യനിര്‍മ്മാണത്തെപ്പറ്റിയുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതോടെ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരെ പൊക്കാന്‍ പോലീസ് ഒരുങ്ങുന്നു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടാനാണ് പോലീസ് നീക്കം. വീടുകളില്‍ മദ്യംവാറ്റുന്നവരെ പിടികൂടുന്ന കേസുകള്‍ തുടര്‍ച്ചയായതോടെയാണ് ഇത്തരം വീഡിയോകള്‍ ഇതിന് സഹായകമാകുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
വാറ്റ്, ചാരായം, വൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തെപ്പറ്റി വിശദീകരിച്ചുള്ള വീഡിയോകളും കുറിപ്പുകളും ഇടുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രേരണാകുറ്റമാകും വീഡിയോകള്‍ ഇറക്കുന്നവര്ക്കെതിരേ ചുമത്തുക. വാറ്റ്, ചാരായം, ബിയര്‍, വൈന്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ഒട്ടേറെയുണ്ട്. വ്യാജമദ്യം നിര്മ്മിക്കുന്നതുപോലെത്തന്നെ ഗൗരവമേറിയ കുറ്റമാണ് വൈന്‍ ഉണ്ടാക്കുന്നതും. എന്നാല്‍ ഭൂരിഭാഗത്തിനും ഇത് കുറ്റമാണെന്ന് അറിയില്ല.
വൈന്‍ ഉണ്ടാക്കാന്‍ വാഷുണ്ടാക്കേണ്ടിവരും. ഇത് അബ്കാരി ആക്ടിലെ 55 ജി സെക്ഷന്‍ പ്രകാരം കുറ്റമാണ്. അതിനാല്‍തന്നെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകാം. ഇതോടൊപ്പംതന്നെ സാമൂഹികമാധ്യമങ്ങളില്‍ മദ്യം ഹോംഡെലിവറിയായി എത്തിച്ചുനല്കുമെന്നുള്ള പരസ്യങ്ങള്‍ പോസ്റ്റുചെയ്യുന്ന സംഭവങ്ങളും എക്സൈസ് നിരീക്ഷിച്ചുവരികയാണ്.
0 Comments