സമൂഹവ്യാപന സാധ്യത ഭയന്ന് കണ്ണൂര്‍; ഉറവിടമറിയാതെ രോഗികള്‍


കണ്ണൂര്‍ : രോഗപ്പകര്‍ച്ചയുടെ ഉറവിടമറിയാതെ പോസിറ്റീവ് കേസുകള്‍ ആവര്‍ത്തിക്കുന്നത് കണ്ണൂരില്‍ സാമൂഹ വ്യാപന ഭീഷണിയുയര്‍ത്തുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവായതാണ് ഒടുവിലത്തെ സംഭവം.
ചെറുപുഴയില്‍ കേസില്‍ പ്രതിയായ ആള്‍ ഒന്നരമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്തശേഷം ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് വ്യക്തമായത്. മജിസ്‌ട്രേട്ടടക്കം കോടതി ഉദ്യോഗസ്ഥരും പോലീസുകാരും ക്വാറന്റീനിലായതിനുപുറമെ പ്രതി നേരത്തേ ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതാണ് പ്രശ്‌നം.
കണ്ണപുരത്ത് ക്രിമിനല്‍ കേസില്‍ പ്രതിയായ ആളെ അറസ്റ്റുചെയ്ത പോലീസുകാരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരുമെല്ലാം നിരീക്ഷണത്തിലായി. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേറെ പോലീസുകാരെ അവിടേക്ക് സ്ഥലം മാറ്റേണ്ടിവന്നു. 26 പോലീസുകാരണ് അവിടെ മാത്രം നിരീക്ഷണത്തിലായത്.
ജയിലിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളും ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതും അന്വേഷിക്കാന്‍ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
ധര്‍മടത്ത് ഒരുവീട്ടില്‍ എട്ടുപേര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാക്കിയത്. വീട്ടമ്മയ്ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവര്‍ തിങ്കളാഴ്ച മരിച്ചു.
രോഗബാധിത മേഖലയിലെവിടെയും പോയിട്ടാല്ലാത്ത സ്ത്രീക്ക് രോഗബാധയുണ്ടായത് ഉറവിടമേതെന്നറിയല്‍ പ്രയാസമാക്കി. രണ്ടുദിവസം കഴിഞ്ഞാണ് അവരുടെ ഭര്‍ത്താവിന് രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് തലശ്ശേരിയില്‍ മീന്‍വ്യാപാരിയാണ്. ഇദ്ദേഹത്തില്‍നിന്നാവും ഭാര്യക്ക് പകര്‍ന്നതെന്നാണിപ്പോഴത്തെ നിഗമനം. ഇതേവീട്ടിലെ മൂന്നുപേര്‍ക്ക് ഞായറാഴ്ചയും മൂന്നുപേര്‍ക്ക് തിങ്കളാഴ്ചയും രോഗം കണ്ടെത്തി.
അയ്യന്‍കുന്ന് പഞ്ചായത്തിലെ ആദിവാസി യുവതി പ്രസവത്തിനായി ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായതാണ് ഉറവിടം സംശയമുള്ള മറ്റൊരു സംഭവം.
ജില്ലാ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയുണ്ടായിരുന്ന യുവതിയെ പിന്നീടാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അവിടെവെച്ചാണ് രോഗം കണ്ടെത്തിയത്.
എവിടെനിന്ന് പകര്‍ന്നെന്ന് വ്യക്തതയില്ല. ഇരു ആശുപത്രിയിലെയും ഏതാനും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പോകേണ്ടതായി വന്നത് കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് ക്ഷീണമായി. എന്നാല്‍ രണ്ടാമത് സ്രവ പരിശോധനയില്‍ യുവതിക്ക് കോവിഡ് നെഗറ്റീവാണ്. ആദ്യത്തെ പോസിറ്റീവ് പരിശോധനയിലെ പ്രശ്‌നമാണോ എന്നറിയാന്‍ വീണ്ടും സ്രവം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.

Post a Comment

0 Comments