നീലേശ്വരം: പുതുക്കൈയിലെ മിനിയുടെ മകള്‍ അഞ്ജന കെ.ഹരീഷിന്റെ (21) ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പുതുക്കൈയിലെ വീട്ടിലെത്തി മാതാവ് മിനിയില്‍ നിന്നും ഡിവൈഎസ്പി മൊഴിയെടുത്തു. മെയ് 13 നാണ് ഗോവയില്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ അഞ്ജനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡിവൈഎസ്പി മാതാവ് മിനിയില്‍ നിന്നും മൊഴിയെടുത്തത്. ഇതിനിടെ അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
അഞ്ജന പ്രകൃതിവിരുദ്ധമോ അല്ലാതെയോയുള്ള ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അഞ്ജനയെ മദ്യമോ മയക്കുമരുന്നോ നല്കി അബോധാവസ്ഥയിലാക്കി കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. അഞ്ജനയുടെ കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള്‍ ബലപ്രയോഗം മൂലം സംഭവിച്ചതാകാം എന്നും വിശദമാക്കിയിട്ടുണ്ട്.
തിരിക്കഥ എഴുതാന്‍ എന്നുപറഞ്ഞാണ് അഞ്ജന ഗോവയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മരണപ്പെടുന്ന സമയത്ത് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവര്‍ അഞ്ജനക്കൊപ്പം റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മരണത്തിന്റെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അമ്മയും ബന്ധുക്കളും പറയുന്നത്. അതേസമയം മാതാവ് മിനി ആരുമായും സംസാരിക്കാന്‍ തയ്യാറാകുന്നില്ല. സഹോദരിയാണ് ഫോണ്‍ അറ്റന്റ് ചെയ്യുന്നത്.
0 Comments