കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലണമെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമാകുന്നു.
വന്യജീവി പട്ടികയില്‍ നിന്നും പന്നികളെ തത്കാലം ഒഴിവാക്കി 'ശല്യകാരി'കളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വന്യജീവി പട്ടികയില്‍ നിന്ന് പന്നിയെ ഒഴിവാക്കാന്‍ കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന് വനം വകുപ്പ് അപേക്ഷ നല്കി. അംഗീകരിച്ചാല്‍ കൃഷിയിടത്തില്‍ കയറുന്ന കാട്ടുപന്നികളെ കര്ഷകന് കൊല്ലാം. നിയമ നടപടികള്‍ ഒഴിവാകും.
പട്ടണ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചു. പന്നികള്‍ പെറ്റുപെരുകി കര്‍ഷകര്‍ക്ക് തലവേദനയായതോടെ വനം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പന്നികളെ ശല്യകാരികളായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് ആറു മാസമേ കാലാവധി ഉണ്ടാവൂ. അതിനിടയില്‍ നാട്ടിലിറങ്ങിയ പന്നികളെ മുഴുവന്‍ കൊല്ലാമെന്നാണ് പ്രതീക്ഷ. ഡി.എഫ്.ഒ യുടെ നിര്‍ദ്ദേശ പ്രകാരം ഫോറസ്റ്റ് ഗാര്‍ഡോ പോലീസോ മാത്രമേ പന്നിയെ വെടിവച്ചു കൊല്ലാവൂ എന്ന നിയമവും വനംവകുപ്പ് ഇളവ് ചെയ്തു. ശല്യകാരി നിയമം വരുന്നതുവരെ ഡി.എഫ്.ഒ മാര്‍ ചുമതലപ്പെടുത്തുന്ന, ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവര്‍ക്കും പന്നിയെ കൊല്ലാം. വനം മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതിന് തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
ലൈസന്‍സ്ഡ് തോക്കുള്ള എക്സ് സര്‍വീസുകാര്‍, വെടിവയ്ക്കാന്‍ അറിയാവുന്നവര്‍ എന്നിവരുടെ പട്ടിക ഡി.എഫ്.ഒ തയ്യാറാക്കും. പന്നി ശല്യമുള്ള മേഖലകളില്‍ വെടിവയ്ക്കാന്‍ ഇവരെ ഡി. എഫ്.ഒ ചുമതലപ്പെടുത്തും. ഒരു പന്നിയെ കൊന്നാല്‍ ആയിരം രൂപ ഇവര്‍ക്ക് വകുപ്പ് നല്‍കും. കൊന്ന പന്നിയെ ഡി.എഫ്.ഒ യെ അറിയിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം.
കാട്ടുപന്നികളെ കൊല്ലുന്നതിലൂടെ കര്‍ഷകരുടെ കൃഷിനഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയും ഉടന്‍ ഉണ്ടാകും.
കപ്പ, ചേമ്പ്, ചേന, കാ ച്ചില് തുടങ്ങിയവയാണ് കാട്ടിപന്നികളുടെ ഇഷ്ട ഭക്ഷണം. റബ്ബര്‍ തൈകള്‍, തെ ങ്ങിന് തൈകള്‍ എന്നിവ നശിപ്പിക്കും. തേങ്ങ വീണ് കിടന്നാല്‍ പൊട്ടിച്ച് തിന്നും.
0 Comments