പ്രതീക്ഷിച്ച വായ്പ്പ കിട്ടില്ല; കുടുംബശ്രീയില്‍ മുറുമുറുപ്പ്


വെള്ളരിക്കുണ്ട്: ലോക് ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സഹായ ഹസ്തം പദ്ധതിയിലെ വായ്പ സംബന്ധിച്ച് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ്.
ഇരുപതിനായിരം രൂപ പലിശ രഹിത വായ്പ്പ എന്ന മുഖ്യ മന്ത്രിയുടെ ആദ്യ പ്രഖ്യാപനത്തിനുശേഷം അതില്‍വന്ന മാറ്റമാണ് ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ തന്നെ മുറുമുറപ്പ് സൃഷ്ടിച്ചിരിക്കുന്നത്.
ഇരുപത് അംഗങ്ങളുള്ള കുടുംബശ്രീ യൂണിറ്റില്‍ ഒരു അംഗത്തിന് 20000 രൂപ പലിശ രഹിത വായ്പ്പ ലഭിക്കും എന്ന തരത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ആദ്യം കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിമാര്‍ പറഞ്ഞുധരിപ്പിച്ചത്. ലോക് ഡൗണ്‍ തുടങ്ങി ആദ്യ ആഴ്ചയായിരുന്നു ഇത്. ഇത് പ്രതീക്ഷിച്ച് അംഗങ്ങളില്‍ പലരും പല കണക്കുകൂട്ടലുകളും നടത്തി. ചില സ്ഥലങ്ങളില്‍ കുടുംബശ്രീയില്‍ അംഗങ്ങളായ വീട്ടമ്മമാര്‍ കിട്ടുന്ന വായ്പകൊണ്ട് ആട്, കോഴി എന്നിവ വളര്‍ത്താനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
വായ്പ്പ ലഭിക്കുന്നതിനായി ബന്ധപ്പെട്ട യൂണിറ്റ് സെക്രട്ടറിമാര്‍ നല്‍കിയ പ്രത്യേക അപേക്ഷ ഫോറം പൂരിപ്പിച്ചും നല്‍കിയിരുന്നു.
എന്നാല്‍ അയ്യായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ മാത്രം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം തിരുത്തിവന്നതോടെ കണക്കുകൂട്ടലുകള്‍ പിഴച്ച കുടുംബശ്രീ അംഗങ്ങള്‍ ചില സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും പ്രതിസന്ധിയും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന പേരില്‍ സര്‍ക്കാര്‍ 2000 കോടി രൂപ കുടുംബശ്രീ വഴി വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
കൊവിഡ് മൂലം സാമ്പത്തിക പ്രയാസമുണ്ടായ കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ വായ്പ നല്‍കുമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളില്‍ 35 ലക്ഷം പേരും വായ്പയ്ക്കായി അപേക്ഷിച്ചിരുന്നു.
ഭൂരിഭാഗം പേരും അപേക്ഷ നല്‍കിയതാകട്ടെ പരമാവധി തുകയായ 20000 രൂപയ്ക്ക് വേണ്ടിയും. ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമാവധി പേര്‍ക്ക് അയ്യായിരം രൂപ വീതം വായ്പ അനുവദിച്ചാല്‍ മതിയെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ ഏറ്റവും അത്യാവശ്യമുളളവരെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമാകും കൂടിയ വായ്പ തുകയായ 20000 രൂപ അനുവദിക്കുക എന്നതും അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments