പള്ളിക്കര: എല്‍.എസ്.ജി. ഡി എന്‍ജിനീയറുടെ പിടിവാശി കാരണം പി.ടി.എ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആരോപണം.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി എന്‍ജിനീയറുടെ നടപടിമൂലം കീക്കാന്‍ രാമചന്ദ്രറാവു മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ പിടിഎ കമ്മിറ്റിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കീക്കാന്‍ സ്കൂളിന് 2 ക്ലാസ് മുറികള്‍ അനുവദിച്ചിരുന്നു. 12 ലക്ഷത്തിഅമ്പതിനായിരം രൂപ എസ്റ്റിമേറ്റ് ഉള്ളതില്‍ ഒരു ലക്ഷം രൂപ ഇലക്ട്രിക്കല്‍ വര്‍ക്കിനായി നീക്കിവെച്ചിരുന്നു. അത് കമ്മിറ്റിവര്ക്കില് ഉള്‍പ്പെടുത്തിയിരുന്നില്ല.
2018 ഒക്ടോബറില്‍ കമ്മിറ്റി പഞ്ചായത്തുമായി എഗ്രിമെന്റ് വെച്ച് ഡിസംബര്‍മാസത്തോടെ ആരംഭിച്ച പണി 2020 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കുകയും മാര്‍ച്ച് 30ന് കെ.കുഞ്ഞിരാമന് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനും തീരുമാനിച്ചിരുന്നു. കോവിഡ് 19 വ്യാപനം മൂലം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം നടന്നില്ല.
12 ലക്ഷത്തില്‍ അധികം തുക ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അതിന്റെ മുഴുവന്‍ ബില്ലുകളും എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചെങ്കിലും രണ്ടുതവണയായി 5,95,000 രൂപ മാത്രമാണ് കമ്മിറ്റിക്ക് അനുവദിച്ചുകിട്ടിയത്. കമ്മിറ്റി വര്‍ക്കുകള്‍ക്ക് സാധാരണയായി അനുവദിക്കാറുള്ള അഡ്വാന്‍സ് തുകയും ലഭിച്ചില്ല.
മുഴുവന്‍ ബില്‍ തുകയും അനുവദിച്ചു കിട്ടുന്നതിനായി പിടിഎ കമ്മിറ്റി ഭാരവാഹികള്‍ പലതവണ അസിസ്റ്റന്റ് എന്‍ജിനീയറെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാട് അദ്ദേഹം തുടരുകയായിരുന്നുവത്രെ. സ്കൂള്‍ സ്ഥിതിചെയ്യുന്ന പതിനഞ്ചാംവാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി.എം.അബ്ദുല്‍ ലത്തീഫിനെയും പഞ്ചായത്ത് പ്രസിഡണ്ടിനെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരെയും ഇടപെടുവിച്ചിട്ടും എഞ്ചിനീയറുടെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അവസാനം കമ്മിറ്റി ഭാരവാഹികള്‍ കെ.കുഞ്ഞിരാമന് എം.എല്‍.എയെ വിവരം ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് കെട്ടിടം പരിശോധിച്ച് തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി ഭാരവാഹികളുടെയും പിടിഎ കമ്മിറ്റി ഭാരവാഹികളുടെയും അസിസ്റ്റന്റ് എന്‍ജിനീയറുടെയും സാന്നിധ്യത്തില്‍ കെട്ടിടം പരിശോധിക്കുകയും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ തിരുത്തി എത്രയും വേഗം ബില്‍ തുക അനുവദിച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിഎ കമ്മിറ്റി ഭാരവാഹികള്‍ എ.ഇ.യെ സമീപിച്ചപ്പോഴാണ് അവര്‍ ആദ്യം സമര്‍പ്പിച്ച 4,37,023 രൂപയുടെ ബില്‍ ഒഴികെ മുഴുവന്‍ ഒറിജിനല്‍ ബില്ലും മിനുട്ട്സ് ബുക്കും അദ്ദേഹത്തിന്റെ പക്കല്‍ കാണാനില്ലെന്ന് അറിയുന്നത്. പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ പിടിഎ കമ്മിറ്റി സെക്രട്ടറി 2020 മാര്‍ച്ച് 3 ന് സമര്‍പ്പിച്ച മുഴുവന്‍ രേഖകളും മാര്‍ച്ച് 5 ന് എ ഇ ഏറ്റു വാങ്ങിയതായി പഞ്ചായത്തില്‍ രേഖയുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് റിട്ടയര്‍ ചെയ്തിട്ടും പ്രതിസന്ധി ഒഴിയാതെ അലയുകയാണ്. ഹെഡ്മാസ്റ്ററായിരുന്ന പി.മണികണ്ഠന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. എ ഇ അവസാന നിമിഷമെങ്കിലും പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. പിടിഎ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് എതിരെ നിയമനടപടികള്‍ക്കും പ്രത്യക്ഷ സമരപരിപാടികള്‍ക്കും തയ്യാറെടുക്കുകയാണ്. എസ്റ്റിമേറ്റില്‍ പറഞ്ഞതിനേക്കാള്‍ തുക ചെലവഴിച്ച് മനോഹരമായ ക്ലാസ് മുറികള്‍ തീര്‍ത്ത പിടിഎ കമ്മിറ്റിയെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നാണ് അവരുടെ ആഗ്രഹം. മുമ്പ് കുട്ടികളുടെ എണ്ണ കുറവിന്റെ പേരില്‍ രണ്ട് കന്നട ഡിവിഷനുകള്‍ റദ്ദാക്കിയ ബേക്കല്‍ എ.ഇ.ഒ യുടെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം നയിച്ച് ഡിവിഷന് തിരിച്ചുപിടിച്ച പാരമ്പര്യം ആര്.ആര്.എം.ജി.യു.പി സ്കൂള്‍ പിടിഎ കമ്മിറ്റിക്കുണ്ട്. ഒരു വര്‍ഷം മുമ്പ് എസ്.എസ്.എ എട്ടരലക്ഷം രൂപ ചെലവില്‍ അനുവദിച്ച ക്ലാസ് മുറിയും എസ്റ്റിമേറ്റില്‍ ഇല്ലാത്ത സ്റ്റെയര്‍കെയ്സ് അടക്കം മനോഹരമായി പൂര്‍ത്തിയാക്കിയതും ഇതേ പിടിഎ കമ്മിറ്റിയാണ്.
0 Comments