പുല്ലു ചെത്തലും കാടുവെട്ടലും തൊഴിലുറപ്പ് പദ്ധതിക്ക് പുറത്ത്


കാഞ്ഞങ്ങാട്: കാട് വെട്ടലും പുല്ല് ചെത്തലുമടക്കമുള്ള ലളിതമായ ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പുറത്താകും. പകരം സുഭിക്ഷ കേരളം പദ്ധതി കുറ്റമറ്റ രീതിയില്‍ കൊണ്ടുപോകാനുള്ള ചുമതല കള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്റേ സജീവ പരിഗണനയിലാണ്.
കൊടും വരള്‍ച്ചയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയില്‍ ഇനി മുന്‍ഗണന നല്‍കണം. ഇതിന്റെ ഭാഗമായി വറ്റിപ്പോയ കുളം, കനാല്‍, തോട് എന്നിവയുടെ പുനരുജ്ജീവനം എന്നിവ പദ്ധതിയിലുള്‍പെടുത്തണം.
സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചന കുളങ്ങള്‍, കിണറുകള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നതിനൊപ്പം പൊതുകുളങ്ങളുടെ പുനരുദ്ധാരണവും ജല സേചന ചാലുകളുടെ പുനര്‍നിര്‍മ്മാണവും നടത്തും.തെങ്ങ് കൃഷിയുണ്ടെങ്കിലും ശാസ്ത്രീയമായ കൃഷിരീതിയുടെ കുറവ് നാളകേര ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്. നാളികേര കര്‍ഷകര്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ ഭൂമി ഒരുക്കല്‍, കുഴിയെടുത്ത് തൈ നടല്‍,രണ്ടു വര്‍ഷക്കാലം പരിചരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കാര്‍ഷിക ഉല്‍പ്പന്ന സംഭരണ കേന്ദ്രം, കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണത്തലേര്‍പ്പെടുന്ന സ്വയംസഹായസംഘങ്ങള്‍ക്കുള്ള വര്‍ക്ക് ഷെഡ് നിര്‍മാണം എന്നിവയ്ക്കും തൊഴിലുറപ്പ് പദ്ധതിയിലെ ആളുകളുടെ സേവനം ലഭ്യമാക്കും.
മൃഗസംരക്ഷണമേഖലയില്‍ സജീവമാകുന്നതിന്റെ ഭാഗമായി പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട് എന്നിവയുടെ നിര്‍മ്മാണവും അസോള ടാങ്ക് നിര്‍മാണം, തീറ്റപ്പുല്‍കൃശി എന്നീ രംഗങ്ങളിലും തൊഴിലുറപ്പ് സാദ്ധ്യതകള്‍ പ്രയോജനപെടുത്തും. ഫിഷറീസ് മേഖലയില്‍ പൊതുസ്ഥലത്ത് മത്സ്യക്കുളങ്ങള്‍ നിര്‍മിക്കും. പൊതുസ്ഥലത്തെ കുളങ്ങളുടെ അറ്റകുറ്റപണികള്‍, ഫിഷ് ഡ്രൈയിംഗ് യാര്‍ഡ് നിര്‍മ്മാണം എന്നിവയും നടത്തുവാനും പുതിയ നിര്‍ദ്ദേശത്തിലുണ്ട്.
ശുചിത്വ മേഖലയില്‍ പ്രതീക്ഷിച്ച പുരോഗതി തൊഴിലുറപ്പിലൂടെ നേടാന്‍ കഴിഞ്ഞീട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിന് അനുസൃതമായി വളരാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്തുകളുടെ ആക്ഷന്‍ പ്ലാനില്‍ മതിയായ എണ്ണം കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, മിനി എം.സി.എഫ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ജോയിന്റ് പ്രോഗ്രാം കോഓര്‍ഡനേറ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചു. അതുപോലെ സ്‌കൂള്‍ ടോയ്‌ലെറ്റ് യൂണിറ്റുകള്‍ എസ്.സി. കോളനി സമഗ്ര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഏറ്റെടുക്കണമെന്നും തൊഴിലുറപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളാണ്.

Post a Comment

0 Comments