ബെവ്ക്യൂ ആപ്പില്‍ ഇന്നും സാങ്കേതിക തകരാര്‍: പലര്‍ക്കും ടോക്കണ്‍ ലഭിച്ചില്ല


കാഞ്ഞങ്ങാട്: മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്‌നങ്ങള്‍. രജിസ്‌ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്‌നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവനദാതാക്കളെ കണ്ടെത്തി പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പില്‍ വീണ്ടും സാങ്കേതിക പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. കണക്ഷന്‍ തകരാറിലാണെന്നും ദയവായി അല്‍പ്പസമയയത്തിന് ശേഷം ശ്രമിക്കൂ എന്ന സന്ദേശമാണ് ആപ്പില്‍ നിന്ന് ലഭിക്കുന്നത്. ഒമ്പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. മറ്റുചിലര്‍ക്കാകട്ടെ നാളെ രാവിലെ ശ്രമിക്കാനും നിര്‍ദ്ദേശം ലഭിച്ചു. ഇന്ന് ബു ക്ക് ചെയ്ത പലര്‍ക്കും ജൂണ്‍ 2 നാണ് ടോക്കണ്‍ ഡേറ്റ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേര്‍ ബുക്കിംഗ് നടത്തിയെന്നാണ് ഫെയര്‍കോഡ് കമ്പനി അറിയിച്ചത്. ബാര്‍കോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാല്‍ പലയിടത്തും ഇന്ന് ബാര്‍കോഡ് രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. മിക്ക മദ്യഷാപ്പുകളിലും ഇന്ന് മദ്യം വാങ്ങാന്‍ എത്തിയവരുടെ എണ്ണവും വളരെ കുറവായിരുന്നു.
സമയത്തിന് മദ്യംകിട്ടാതെ വന്നവര്‍ ബഹളം വെച്ചതോടെ ഇന്നലെ സര്‍വ്വത്ര ആശയക്കുഴപ്പമാണ് മദ്യവില്‍പന ശാലകളിലുണ്ടായത്. ബാറുകളില്‍ പലയിടത്തും മൊബൈല്‍ ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു . ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ലോഗിനും ഐഡിയും പാസ് വേഡും കിട്ടിയില്ല. ആളുകളുടെ നിരകൂടിയതോടെ സാമൂഹ്യാകലത്തിനായി പലയിടത്തും പോലീസ് ഇടപെട്ടു. കാര്യം നടക്കാന്‍ ഒടുവില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി.
ഇന്നലെ ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീര്‍ന്നു. ഇതോടെ ടോക്കണുമായെത്തിവര്‍ ബഹളം വച്ചു. നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കില്‍ രണ്ട് കമ്പനികളെകൂടി അധികമായി ഒടിപി നല്‍കുന്നതിന് തെരഞ്ഞെടുത്തു. ഇന്ന് ടോക്കണ്‍ ലഭിച്ചവരില്‍ ചിലര്‍ക്ക് സ്റ്റോക്കില്ലെന്ന കാരണത്താല്‍ മദ്യം കിട്ടിയില്ല. ഇത്തരം ആളുകള്‍ക്ക് ഇനി നാല് ദിവസം കാത്തിരിക്കുകയല്ലാതെ മാര്‍ഗമുണ്ടാകില്ല. നേരത്തെ തലേ ദിവസം ബുക്ക് ചെയ്താല്‍ അടുത്ത ദിവസം മദ്യം കിട്ടുമെന്നായിരുന്നു അറിയിപ്പെങ്കില്‍ ആദ്യ ദിവസങ്ങളില്‍ പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുന്ന രീതിയാകും തുടരുക.

Post a Comment

0 Comments