സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോഴിഫാമുകള്‍ തുടങ്ങാം


കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി പ്രകാരം ഇറച്ചിക്കോഴികള്‍ വളര്‍ത്തല്‍ ഫാമുകള്‍ സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ തുടങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു.ജില്ലാ കളക്ടര്‍ ഡി .സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തിലാണ് തീരുമാനം. തൊഴിലാളി കര്‍ഷക സാമൂഹ്യ സഹകരണ സ്ഥാപനമായ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഫാം ഉള്ള കര്‍ഷകര്‍ക്കായിരിക്കും പ്രഥമ പരിഗണന. പുതുതായി ഫാം പണിയാന്‍ താല്‍പ്പര്യമുള്ള കര്‍ഷകരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക . ഫാമുകള്‍ ആരംഭിക്കുന്ന മുറക്ക് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ജില്ലയില്‍ ആഗസ്റ്റോടെ ആരംഭിക്കും.
ഒറ്റ തവണ കോഴി കുഞ്ഞിന് 130 രൂപ വിത്ത് ധനമായി അടച്ച് പദ്ധതിയില്‍ അംഗമാവുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്,തീറ്റ ,മരുന്ന് എന്നിവ സൗജന്യമായി ലഭിക്കും. വളര്‍ച്ചയെത്തിയ കോഴികളെ പദ്ധതിയുടെ ഭാഗമായി തിരിച്ചെടുത്ത് ഫീഡ് കണ്‍വേര്‍ഷന്‍ റേഷ്യോ അനുസരിച്ച് കിലോഗ്രാമിന് എട്ട് രൂപ മുതല്‍ 11 രൂപ വരെ വളര്‍ത്തുകൂലി നല്‍കും. പദ്ധതിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുമ്പോള്‍ വിത്ത് ധനമായി അടച്ച തുക തിരിച്ച് ലഭിക്കും.
വിത്ത് ധനത്തിനായി കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വായ്പയും പഞ്ചായത്ത് വഴി വായ്പ സബ്‌സിഡിയും നല്‍കിക്കൊണ്ടുള്ള സാമ്പത്തിക സഹായവും, ഫാം നിര്‍മാണത്തിനുള്ള സഹായവും പദ്ധതി വ്യവസ്ഥകള്‍ക്കനുസരിച്ച് നല്‍കാനുമുള്ള നടപടികളും ആരംഭിക്കും.
വിപണിയിലെ വിലയുടെ ചാഞ്ചാട്ടങ്ങളോ സ്വകാര്യ സംരംഭകരുടെ ചൂഷണങ്ങളോ ഒന്നും ബാധിക്കാതെ കര്‍ഷകരുടെ ഉടമസ്ഥതയില്‍ അവര്‍ക്ക് ഉയര്‍ന്ന വളര്‍ത്തുകൂലി നല്‍കിക്കൊണ്ട് സ്ഥിരം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതി കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാകും.
പദ്ധതിയില്‍ അംഗമായി ഇറച്ചിക്കോഴി ഫാം വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബ്രഹ്മഗിരി വെബ് സൈറ്റിലൂടെ ംംം. യൃമവ ാമഴശൃശ.ീൃഴ ഓണ്‍ലൈനായും ഗ്രാമപഞ്ചായത്ത് വഴി നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് 9656493111, 6282682280.

Post a Comment

0 Comments