ആശുപത്രിയിലെ കയ്യേറ്റം: സിപിഎം ഏരിയാകമ്മററി യോഗം തുടങ്ങി


നീലേശ്വരം: സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടുമായ സി.പ്രഭാകരനെ കയ്യേറ്റം ചെയ്യുകയും അവഹേളിക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ പാര്‍ട്ടിയുടെ ഏരിയാകമ്മറ്റിയോഗം ആരംഭിച്ചു.
പാലക്കാട്ടെ സിപിഎം ഏരിയാകമ്മറ്റി ആസ്ഥാനമന്ദിരത്തില്‍ രാവിലെ ചേര്‍ന്ന ഏരിയാസെന്റര്‍ യോഗത്തിന് ശേഷം ഉച്ചയോടെയാണ് ഏരിയാകമ്മറ്റിയോഗം ആരംഭിച്ചത്. യോഗത്തില്‍ പ്രഭാകരനെ കയ്യേറ്റം ചെയ്ത സംഭവം മുഖ്യചര്‍ച്ചാവിഷയമായേക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ ജില്ലാ കമ്മറ്റി അംഗത്തെ കയ്യേറ്റം ചെയ്തിട്ടും ജീവനക്കാരനെതിരെ നടപടിയെടുക്കുന്നതിനുപകരം ജില്ലാ കമ്മറ്റി അംഗത്തെ കുറ്റക്കാരനാക്കി ചിത്രീകരിച്ച ചില നേതാക്കളുടെ നടപടി പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ സി.പ്രഭാകരന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം പി.കരുണാകരനും സംസ്ഥാന കമ്മറ്റിയംഗം കെ.പി.സതീഷ്ചന്ദ്രനും ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് പ്രഭാകരനും മടിക്കൈയിലെ നേതാക്കള്‍ക്കും ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ നടപടിയെടുക്കുന്നതിന് പകരം ജീവനക്കാരനെ ന്യായീകരിക്കുന്ന നിലപാടാണത്രെ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്. ഇത് ഒരു വിഭാഗം നേതാക്കളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നീലേശ്വരം പാര്‍ട്ടിക്ക് മടിക്കൈ പാര്‍ട്ടിയോടുള്ള പ്രതികാരനടപടിയായിട്ടാണ് മടിക്കൈയിലെ നേതാക്കള്‍ ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഏരിയാകമ്മറ്റിയോഗത്തില്‍ മടിക്കൈയിലെ നേതാക്കള്‍ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടും. ഇവര്‍ക്കൊപ്പം കരിന്തളം ലോബിയുടെ പിന്തുണയും ഉണ്ടാകുമെന്ന് സൂചനയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടിയിലെ വിഭാഗീയത തടയാന്‍ ജീവനക്കാരനെതിരെ വീണ്ടും നടപടി ഉണ്ടാകാനാണ് സാധ്യത. മടിക്കൈ പാര്‍ട്ടിക്ക് ഉറപ്പുനല്‍കിയ സ്ഥിതിക്ക് പി.കരുണാകരന്റെയും കെ.പി.സതീഷ്ചന്ദ്രന്റെയും അഭിമാനപ്രശ്‌നം കൂടിയാണ് ജീവനക്കാരനെതിരെ നടപടിയെടുക്കുകയെന്നത്.

Post a Comment

0 Comments