വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വിദ്യാലയങ്ങളില്‍ എത്തിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്


വെള്ളരിക്കുണ്ട്: പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വാഹനങ്ങളില്‍ കയറ്റാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നടത്തിയ ഇടപെടല്‍ മാതൃകാപരം. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പോലെ കരുതലും കാവലുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ചേര്‍ന്നത്.
മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ജന പ്രതിനിധിയുടെ സേവനം അനുഗ്രഹമായത്. ബളാല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ വേണ്ടി പഞ്ചായത്ത് പത്തുവാഹനങ്ങളാണ് ഒരുക്കിയത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് എത്തുന്നതിനായി വാഹനങ്ങള്‍ കാത്ത് ബസ് സ്റ്റാന്‍ഡുകളില്‍ എത്തിയപ്പോഴാണ് ബളാല്‍ ഗ്രാപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം അവര്‍ക്ക് മുന്നില്‍വന്ന് നിന്നത്. മാസ്‌ക് ധരിച്ചു പുറത്തിറങ്ങിയ രാജു കട്ടക്കയം നിങ്ങള്‍ക്കുള്ള അണുവിമുക്ത ബസ് പുറകെ വരുന്നുണ്ടെന്നും സാമൂഹിക അകലം പാലിച്ച് വണ്ടിയില്‍ കയറി ധൈര്യമായി പോയി പരീക്ഷ എഴുതിക്കോളൂ, കരുതലും കാവലുമായി ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് പറയുകയുമായിരുന്നു. ഈ സമയം വിദ്യാര്‍ഥികള്‍ക്ക് ഒപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു.
നാടറിയുന്ന നാട്ടാരെ അറിയുന്ന തങ്ങളുടെ നേതാവിനെ കണ്ട പാടെ ആശ്വാസമായി എന്ന് വള്ളിക്കടവ് മാലോത്ത് കസബയിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു.
ബളാല്‍ പഞ്ചായത്തിലെ എസ് എസ് എല്‍ സി, പ്ലസ്ടുപരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചായത്തിന്റെ വകയായുള്ള അടിയന്തിര വാഹന സൗകര്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചതെന്നും വരും ദിവസങ്ങളിലും താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും രാജു കട്ടക്കയം പറഞ്ഞു.
ലോക് ഡൗണ്‍ ദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലും പലവ്യഞ്ജന കിറ്റ് അടക്കമുള്ള ഭക്ഷണ സാധങ്ങള്‍ നേരിട്ട് എത്തിച്ചു നല്‍കി സംസ്ഥാനത്തുതന്നെ ശ്രദ്ധേയനായ ജനപ്രധി നിധി ആയിരുന്നു ബളാല്‍ പഞ്ചായത്തിന്റെ ഈ വൈസ് പ്രസിഡന്റ്.

Post a Comment

0 Comments