രൂപശ്രീ വധക്കേസിന്റെ വിചാരണാ നടപടിക്രമങ്ങള്‍ അടുത്തമാസം തുടങ്ങും


കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകന്‍ വെങ്കിട്ടരമണ കരന്തര (40) കേസിലെ ഒന്നാംപ്രതിയും സുഹൃത്ത് നിരഞ്ജന്‍ (22) രണ്ടാംപ്രതിയുമാണ്. ഇരുവര്‍ക്കുമെതിരെ കാസര്‍കോട് സി ബ്രാഞ്ച് ഡി.വൈ.എസ്.പി എ.സതീഷ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജി സ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണാ നടപടികള്‍ ജൂണ്‍ ആറിന് ജില്ലാ കോടതിയില്‍ ആരംഭിക്കും.
ലോക്ക് ഡൗണ്‍ അവസാനിക്കുകയും കോടതിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുകയും ചെയ്താല്‍ അന്നേ ദിവസം പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കേസിന്റെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് വിചാരണക്ക് മുന്നോടിയായി നടക്കേണ്ടത്. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ രണ്ട് പ്രതികളും ജാമ്യം കിട്ടാതെ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. 2020 ജനുവരി 18ന് കുമ്പള പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. രൂപശ്രീ ജനുവരി 16ന് രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രൂപശ്രീയുടെ മൃതദേഹം പൂര്‍ണ്ണ നഗ്‌നാവസ്ഥയില്‍ കടപ്പുറത്ത് കണ്ടെത്തിയത്.
രൂപശ്രീ അബദ്ധത്തില്‍ കടലില്‍ വീണ് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ രൂപശ്രീയുടെ ഭര്‍ത്താവും ബന്ധുക്കളും അടക്കമുള്ളവര്‍ ഇതൊരു കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും ഉന്നത തലത്തില്‍ പരാതി നല്‍കുകയും ചെയ്തതോടെ കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു. വെങ്കിട്ട രമണയുടെ വീട്ടിലെ കുളിമുറിയില്‍ വെച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സി ബ്രാഞ്ച് അന്വേഷണത്തില്‍കണ്ടെത്തി. തുടര്‍ന്ന് വെങ്കിട്ടരമണ നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹം കാറില്‍ കടത്തിക്കൊണ്ടുപോയി കടലില്‍ തള്ളുകയായിരുന്നു. ഭര്‍ത്താവും മക്കളുമുള്ള രൂപശ്രീക്ക് വെങ്കിട്ടരമണയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ രൂപശ്രീ മറ്റൊരാളുമായി അടുപ്പത്തിലായെന്നും ഇതില്‍ നിന്നും പിന്‍മാറാന്‍ വെങ്കിട്ടരമണ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ജില്ലാ സി ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.

Post a Comment

0 Comments