കൊവിഡിനെതിരെ പ്രതിരോധവുമായി ഒരു നാടക കുടുംബം


നീലേശ്വരം: കൊവിഡ് പ്രതിരോധത്തിനെതിരെ നാടകവുമായി രംഗത്തിറങ്ങിയ കലാകാര കുടുംബത്തിന് അംഗീകരങ്ങളുടെ പെരുമ.
പ്രവാസിയായ നീലേശ്വരം പട്ടേനയിലെ രവീന്ദ്രനും കുടുംബവുമാണ് ജീവിതം നാടകത്തിനായി ഉഴിഞ്ഞുവെച്ചത്.
ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിനെതിരെ 'കാത്തിരിപ്പ്' എന്ന ഏകപാത്ര നാടകത്തിലൂടെ അതിജീവന സന്ദേശം നല്‍കുകയാണ് ഈ കുടുംബം.
പ്രവാസകാലത്തുതന്നെ ഗള്‍ഫിലെ നാടകരംഗങ്ങളില്‍ മുന്‍നിര പ്രവര്‍ത്തകനായ രവീന്ദ്രന് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നടക്കുന്ന നാടക പരിപാടികളുടെ സംഘാടകരില്‍ പ്രമുഖനായ രവീന്ദ്രന്‍ നാട്ടിലെത്തിയതോടെ തിയറ്റര്‍ ഗ്രൂപ്പ് ഓഫ് പട്ടേനയ്ക്ക് രൂപം നല്‍കി. ഭാര്യ ബിന്ദു മക്കളായ അശ്വതി, അമ്പിളി എന്നിവര്‍ തന്നെയാണ് തിയറ്റര്‍ ഗ്രൂപ്പ് ഓഫ് പട്ടേനയുടെ അമരത്ത്. സഹോദരനും നൃത്ത അധ്യാപകനുമായ സുരേന്ദ്രന്‍ പട്ടേന, നാടകപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മനോജ് മേലത്ത്, രാജേഷ് അഴീക്കോടന്‍ എന്നിവര്‍ സഹായികളായി പിന്നണിയിലുണ്ട.്
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രവീന്ദ്രനും, മകള്‍ അശ്വതിയും അവതരിപ്പിച്ച രണ്ട് ഏകപാത്ര നാടകങ്ങളും അഛനും മകളും ചേര്‍ന്നവതരിപ്പിച്ച നാടകവും ഒട്ടേറെ വേദികളില്‍ വിജയകരമായി അവതരിപ്പിക്കുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.
ലോക നാടക വാര്‍ത്തകള്‍ എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ലോക ഓണ്‍ലൈന്‍ ഏകപാത്ര നാടക മത്സരത്തില്‍ കൊറോണ പ്രതിരോധ സന്ദേശവുമായി അമ്പിളി രവിന്ദ്രന്‍ അവതരിപ്പിച്ച ഏകപാത്ര നാടകമായ കാത്തിരിപ്പിന് പ്രോല്‍സാഹന സമ്മാനം ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 നാടകങ്ങളില്‍ നിന്നും 180 നാടകങ്ങള്‍ ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത മത്സരത്തിനര്‍ഹമായ 24 നാടകങ്ങളില്‍ നിന്നുമാണ് കാത്തിരിപ്പിന് പ്രോല്‍സാഹന സമ്മാനത്തോടെ അഞ്ചാം സ്ഥാനം ലഭിച്ചത്. കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സംസ്ഥാന നാടക മത്സരത്തില്‍ മാറ്റുരച്ച 40 നാടകങ്ങളില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. വള്ളത്തോള്‍ സ്മാരക വായനശാല & ഗ്രന്ഥാലയം ഏറ്റുകുടുക്ക സംഘടിപ്പിച്ച നാടക മത്സരത്തില്‍ മികച്ച നാടകത്തിനും മികച്ച നടിക്കുള്ള അവാര്‍ഡും കാത്തിരിപ്പിന് ലഭിച്ചു.
ഇതിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് രവീന്ദ്രന്‍ പട്ടേന തന്നെ. ഇതിനു പുറമെ അവീന്ദ്രനും അശ്വതിയും ചേര്‍ന്നൊരുക്കിയ 'തോബിയാസ് എന്ന നാടകക്കാരന്‍' രവീന്ദ്രന്‍ അവതരിപ്പിച്ച 'ഹീറോ' എന്നിവ ഒട്ടേറെ വേദികള്‍ കീഴടക്കി കഴിഞ്ഞു.
സ്വന്തം വീട്ടില്‍ തന്നെ നാടക റിഹേഴ്‌സലിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള രവീന്ദ്രന് സകുടുംബം നാടക കലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.

Post a Comment

0 Comments