പിടിച്ചെടുത്ത ലോഡ്ജുകള്‍ക്ക് 'നയാ പൈസയില്ലെന്ന് ' അധികൃതര്‍


കാഞ്ഞങ്ങാട്: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തു നിന്നും എത്തുന്നവര്‍ക്കായി നിരീക്ഷണത്തില്‍ കഴിയുന്നതിനായി അധികൃതര്‍ പിടിച്ചെടുത്ത സ്വകാര്യ ലോഡ്ജുകള്‍ക്ക് പണം നല്‍കാനാവില്ലെന്ന അധികൃതരുടെ നിലപാട് ലോഡ്ജ്ജ് ഉടമകള്‍ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
ലോക്ക് ഡൗണില്‍ ലോഡ്ജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ പലരും കേബിള്‍ കണക്ഷനും, ജീവനക്കാരെയും ഒഴിവാക്കിയിരുന്നു.
എന്നാല്‍ നിരീക്ഷണത്തിനായി ലോഡ്ജുകള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്ത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താക്കോല്‍ കൈമാറുകയായിരുന്നു.
ജില്ലയില്‍ ഈ രീതിയില്‍ നിരവധി ലോഡ്ജുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അടച്ചിട്ടാല്‍ വൈദ്യൂതി, വെള്ളം നിരക്കുകള്‍ മിനിമം നിരക്ക് മാത്രമാണ് വരിക.
എന്നാല്‍ സര്‍ക്കാര്‍ മറികളില്‍ നിരിക്ഷണത്തിലുള്ള ആളുകളെ താമസിപ്പിച്ചതോടെ വൈദുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം വര്‍ദ്ധിച്ച് ഭീമമായ സംഖ്യ വരുമെന്ന് ലോഡ്ജ് ഉടമകള്‍ പറയുന്നു. ഇതില്‍ ചിലര്‍ ലോഡ്ജ് ഉടമകളില്‍ നിന്ന് മാസവാടകയ്ക്ക് നടത്താന്‍ എടുത്തവരും ഉണ്ട്.
വാടക നല്‍കുന്നില്ലെങ്കിലും കേബിള്‍ ടിവി, വെള്ളം,വൈദ്യുതി ചാര്‍ജ്ജ് എന്നിവ നല്‍കണമെന്ന ആവശ്യമുന്നയിച്ച് ലോഡ്ജുടമകള്‍ അധികൃതരെ സമീപിച്ചെങ്കിലും നിരിക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള ഉത്തരവ് മാത്രമെയുള്ളുവെന്ന് അറിയിച്ച് കൈ മലര്‍ത്തുകയാണുണ്ടായത്.
നിരിക്ഷണത്തില്‍ ഉള്ളവര്‍ ഓരോ പതിനാലു ദിവസം കഴിയുമ്പോഴും മാറി മാറി വരുകയും, 24 മണിക്കൂറും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ലോഡ്ജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
ഈ കാര്യത്തില്‍ അടിയന്തിരമായി ഒരു തീരുമാനമെടുത്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും വിഛേദിച്ച് പ്രതിഷേധിക്കുവാന്‍ ഒരുങ്ങുകയാണ് ലോഡ്ജ് ഉടമകള്‍.

Post a Comment

0 Comments