സിപിഎം ജില്ലാ കമ്മറ്റിഅംഗത്തെ കയ്യേറ്റം ചെയ്ത ആശുപത്രി ജീവനക്കാരനെ പുറത്താക്കി


നീലേശ്വരം: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ പാര്‍ട്ടി ജില്ലാകമ്മറ്റി അംഗവും മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടുമായ സി.പ്രഭാകരനെ കയ്യേറ്റം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ പുറത്താക്കി.
നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പള്ളിക്കര സ്വദേശി ബിജുവിനെയാണ് ജോലിയില്‍ നിന്നും ഒഴിവാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യാമാതാവിന് വസ്ത്രവും ഭക്ഷണവുമായി പോയ പ്രഭാകരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കയ്യേറ്റം ചെയ്യുകയും അവഹേളിക്കുകയും ചെയ്തത്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണെന്ന് ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രഭാകരനെ കയ്യേറ്റം ചെയ്യുന്നത് തുടരുകയായിരുന്നു. സംഭവം അപ്പോള്‍തന്നെ പ്രഭാകരന്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീഷ്ചന്ദ്രന്‍, ആശുപത്രി ചെയര്‍മാനായ എം.രാജഗോപാലന്‍ എം.എല്‍.എ എന്നിവരെ ധരിപ്പിച്ചിരുന്നു. പിറ്റേദിവസം മടിക്കൈയിലെ സിപിഎം ഏരിയാകമ്മറ്റി അംഗങ്ങള്‍ അടിയന്തിര യോഗം ചേരുകയും പ്രഭാകരനെ കയ്യേറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ നിലപാട് കൈക്കൊള്ളാനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും യോഗത്തില്‍ ധാരണയുണ്ടായി. ഇക്കാര്യം ശക്തമായ ഭാഷയില്‍ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മടിക്കൈയിലെ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ അടുത്തദിവസം തന്നെ സെക്യൂരിറ്റി ജീവനക്കാരനോട് ജോലിക്ക് വരേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആശുപത്രി ഭരണസമിതിയോഗം ഇന്നുചേരുന്നുണ്ട്. ആശുപത്രിയിലെ ചില ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന യോഗം ചര്‍ച്ചചെയ്യും.

Post a Comment

0 Comments