പലിശ രഹിത വായ്പ പ്രഖ്യാപനത്തില്‍ ഒതുങ്ങി; നിരാശരായി കുടുംബശ്രീ അംഗങ്ങള്‍


കാഞ്ഞങ്ങാട്: കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ തുക മാസം ഒന്നു കഴിഞ്ഞിട്ടും കിട്ടിയില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീവഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയായി 2000 കോടിയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചത് അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു കുടുംബത്തിന് കുറഞ്ഞത് 5000 രൂപ മുതല്‍ പരമാവധി ഇരുപതിനായിരം രൂപ വരെ വായ്പ നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുവാനായിരുന്നു തീരുമാനം.ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച വായ്പ, പദ്ധതി പക്ഷെ മെയ് രണ്ടാം വാരത്തിലെത്തിയിട്ടും നടപ്പാക്കാതെ പ്രഖ്യാപനത്തില്‍ തന്നെ ഒരുങ്ങി നില്‍ക്കുകയാണ്. എങ്കിലും നീലേശ്വരം നഗരസഭ കഴിഞ്ഞ ദിവസം ആദ്യഘടു വിതരണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് തുക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ മറ്റുപല തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ വായ്പ നല്‍കാന്‍ തയ്യാറായിട്ടില്ല.
8.5 മുതല്‍ 9 ശതമാനം വരെ പലിശയ്ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കും. ആറ് മാസം മൊറട്ടോറിയം ഉള്‍പ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയല്‍ക്കൂട്ടങ്ങള്‍ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണമെന്നായിരുന്നു നിഷ്‌കര്‍ഷ പലിശ തുക മൂന്ന് വാര്‍ഷിക ഗഡുക്കളായി സര്‍ക്കാരില്‍ നിന്ന് അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നും പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് അയല്‍ക്കൂട്ടം അംഗീകരിച്ച അപേക്ഷ ബാങ്കുകള്‍ സ്വീകരിക്കുകയും ചെയ്തു.
ലോക്ഡൗണ്‍ മൂലം യോഗം ചേരാന്‍ കഴിയാത്തതിനാല്‍ ഫോണ്‍വഴി അയല്‍ക്കൂട്ടങ്ങള്‍ വായ്പവേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്തത്. ഒരു അയല്‍ക്കൂട്ടത്തിന് അതിലെ അംഗങ്ങള്‍ക്കായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രതിമാസം 10000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് വായ്പ ലഭിക്കില്ലെന്നും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അപേക്ഷിക്കാമെന്നും നിബന്ധനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യാതൊരു ഈടും നല്‍കാതെയുള്ള വായ്പ പ്രതീക്ഷിച്ച് അപേക്ഷ നല്‍കികാത്തിരുന്നവര്‍ നിരാശരായിരിക്കുകയാണ്.
ഓരോ കാരണങ്ങള്‍ പറഞ്ഞ് വായ്പ നല്‍കാതെ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.

Post a Comment

0 Comments