ഡി.ജി.പിയും ഐ.പി.എസുകാരും പറഞ്ഞത് കേട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ പോലീസ് ചട്ടം ഭേദഗതി ചെയ്തു


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ചട്ടം രണ്ടുമാസം തികയുന്നതിന് മുമ്പ് ഭേദഗതി ചെയ്തു. പോലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ചട്ടമാണ് ഭേദഗതി ചെയ്തത്. ചട്ടം ഭേഗതി ചെയ്യരുതെന്ന ഡി.ജി.പിയുടെ ശുപാര്‍ശ തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം. പോലീസ് സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചട്ടം ഭേഗതി ചെയ്തത്.
പോലീസ് സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനുമാണ് പോലീസ് ചട്ടം കൊണ്ടുവന്നത്. സേനയിലെ സംഘടനകളില്‍ രാഷ്ട്രീയ സ്വാധീനം പിടിമുറക്കുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഏപ്രില്‍ 17ന് വിജ്ഞാപനമിറക്കിയത്.
സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി വേണം, സമ്മേളനം ഒരു ദിവസമാക്കണം, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിയാകാന്‍ പാടില്ല, സംഘടനക്ക് രാഷ്ട്രീയ പക്ഷാപാതിത്വം പാടില്ല, സംഘടന പ്രവര്‍ത്തനം ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്ക് തടസമാവരുത് തുടങ്ങിയ കര്‍ശന നിബന്ധങ്ങളാണ് ഉണ്ടായിരുന്നത്. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.ജി.പിയുടെ മുന്‍കൂ!ര്‍ അനുമതി ആവശ്യമില്ല, ഭാരവാഹിത്വത്തിനുള്ള നിയന്ത്രണവും മാറ്റി. സമ്മേളനം രണ്ടു ദിവസമാക്കി. തുടങ്ങിയ ആദ്യ വിജ്ഞാപനത്തിലെ നിയന്ത്രങ്ങളെല്ലാം മാറ്റി.
ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഒന്നരമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തന്നെ ഭേഗതി ചെയ്തത്. സംഘടനകളുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സംഘടന പ്രതിനിധികള്‍ ഡി.ജി.പിയെ സമീപിച്ചു. ചട്ടത്തില്‍ ഒരു ഭേഗതിയും വേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ സംഘടനാ നേതാക്കള്‍ കണ്ട നിവേദനം നല്‍കിയത്. തുടര്‍ന്നാണ് സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്ന നിയന്ത്രങ്ങള്‍ മുഴുവന്‍ ഭേഗതി ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പ് പുതിയ വിജ്ഞാപനമിറക്കി.

Post a Comment

0 Comments