തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും കളക്ട്രേറ്റ് ജീവനക്കാര്‍ക്കുമായി കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ ബസ് സര്‍വ്വീസ് തുടങ്ങി. ഇരട്ടിചാര്‍ജ് ഈടാക്കിയാണ് സര്‍വ്വീസ് നടത്തുന്നത്. സാമൂഹിക അകലം പാലിക്കാന്‍ ഒരുസീറ്റില്‍ ഒരാളെ മാത്രമാണ് ഇരുന്ന് യാത്രചെയ്യാന്‍ അനുവദിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ജീവനക്കാരെ കയറ്റിവരുന്ന ബസുകള്‍ രാവിലെ 9 മണിമുതല്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തും. വൈകീട്ട് 5.15 നാണ് മടക്കസര്‍വ്വീസ്. ഇത് രാവിലെ വൈകിയെത്തുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് ഒപ്പിട്ട് മുങ്ങുന്നവര്‍ക്കും കനത്തതിരിച്ചടിയായി.
സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ പലരും പ്രത്യേകിച്ച് യൂണിയന് നേതാക്കള്‍ രാവിലെ 11 മണിക്കും 12 മണിക്കുമാണ് ഓഫീസിലെത്തുക. ഓഫീസിലെ കസേരയിലെത്തിയാല്‍ ആദ്യം പത്രവായന. പിന്നാലെ സഹപ്രവര്‍ത്തകരുമായി നാട്ടുവിശേഷങ്ങള്‍ പങ്കുവെക്കല്‍. വൈകാതെ ചായകുടിക്കാന്‍ കാന്റീനിലേക്ക്. തിരിച്ചെത്തി ഫയലുകള്‍ തിരിച്ചും മറിച്ചും നോക്കുമ്പോഴേക്കും ഉച്ചയൂണിന് സമയമാകും. ഊണും വിശ്രമവുമായി 2 മണിവരെ ചിലവഴിച്ച് ഹാജര്‍ ബുക്കില്‍ ഉച്ചകഴിഞ്ഞും ഡ്യൂട്ടിയെടുത്തതായി ഒപ്പ് രേഖപ്പെടുത്തി ബാഗുമായി തിരിച്ചുപോകുകയാണ് മിക്ക യൂണിയന് നേതാക്കളുടെയും രീതി. ഇതിനാണ് തിരിച്ചടിയേറ്റത്. രാവിലെ 9 നും 10 നും ഇടയില്‍ ഓഫീസിലെത്തണം. വൈകീട്ട് 5.15 മുതലാണ് മടക്കം.
സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനത്തെ ശക്തമായി എതിര്‍ത്തത് ഇത്തരം വിവിധ യൂണിയനുകളില്‍പ്പെട്ടവരാണ്.
0 Comments