അഞ്ജനയുടെ മരണം: കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് കൂട്ടുകാരി ഗാര്‍ഗി


നീലേശ്വരം : ഗോവയിലെ റീസോര്‍ട്ടില്‍ നീലേശ്വരം പുതുക്കൈ സ്വദേശിയായ അഞ്ജന കെ. ഹരീഷ് (21) മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ നക്‌സലൈറ്റ് നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗി. അഞ്ജനയുടെ മരണത്തെ കുറിച്ച് 'സത്യസന്ധമായ ആകുലതകള്‍' ഉള്ളവര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് ഗാര്‍ഗിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ആ മരണം നേരില്‍ കണ്ടവര്‍ ഇപ്പോള്‍ നാട്ടില്‍ എത്തി കൊവിഡ് ക്വാറന്റൈനില്‍ കഴിയുകയാണ്. അഞ്ജനയുടെ മരണത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് അവരുള്ളത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു വ്യവസായത്തിന്റെ ഇരയാകേണ്ടിവന്ന ഒരു വ്യക്തിയാണ് അഞ്ജനയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌ക്കരിച്ച ശേഷമാണ് ഗാര്‍ഗി പോസ്റ്റിട്ടത്.
അഞ്ജന മരിക്കുമ്പോള്‍ ഗോവയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ആതിര, ശബരി, നസീമ എന്നിവര്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കേരളത്തിലേക്ക് വന്നിരുന്നു. കൊവിഡ് നിയന്ത്രണം കാരണം അവരിപ്പോള്‍ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. അതിനിടെ അഞ്ജനയുടെ മരണം ആത്മഹത്യ തന്നെയാണെന്നും താമസ സ്ഥലത്ത് തൂങ്ങിമരിക്കുകയാണെന്നും പറയുന്ന നോര്‍ത്ത് ഗോവ എസ്.പി ഉല്‍ക്രിഷ്ട് പ്രസൂണിന്റെ പരാമര്‍ശം അടങ്ങിയ പോസ്റ്റും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഞ്ജനയുടെ മരണത്തിനുപിന്നില്‍ സംശയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എസ്.പി നടത്തിയ വിശദീകരണമാണിത്.
അതേസമയം കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നതിന് യുവതിയുടെ ശരീരത്തില്‍ നിന്നെടുത്ത വിസറയുടെ പരിശോധന ഫലംകൂടി വന്നതിന് ശേഷം മാത്രമേ വ്യക്തതയുണ്ടാകുയുള്ളുവെന്നും എസ്.പി പറയുന്നുണ്ട്. മാനസികചികിത്സയ്ക്കാണ് അഞ്ജനയെ ഗോവയിലേക്ക് കൊണ്ടുപോയതെന്ന് പറഞ്ഞിട്ടും ചിലര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഗാര്‍ഗി കുറ്റപ്പെടുത്തുന്നുണ്ട്.

Post a Comment

0 Comments