മംഗലാപുരത്ത് കൊവിഡ് ബാധിതരായ രണ്ട് സ്ത്രീകളുടെ നില അതീവ ഗുരുതരം


മംഗലാപുരം: വെന്‍ലോക് ആശുപത്രിയില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന 15 പേരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരം.
കുലശേഖരയില്‍ നിന്നുള്ള 80 വയസുള്ള സ്ത്രീയുടേയും ബാംഗ്ലൂരില്‍ നിന്നുള്ള 58 കാരിയായ സ്ത്രീയുടേയും നിലയാണ് ഗുരുതരമായത്.
കൊവിഡ് ബാധിച്ച് മൂന്നുപേരാണ് ദക്ഷിണ കന്നഡ ജില്ലയില്‍ മരിച്ചത്. 31 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടെ പടീലിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായ 75 കാരിയുടെ മരണത്തെ തുടര്‍ന്ന് ഈ ആശുപത്രി കേന്ദ്രീകരിച്ച് 30 ഓളം പേര്‍ക്കാണ് രോഗം പകര്‍ന്നത്.
ആശുപത്രിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരു അമ്പത്തൊന്നുകാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ ഗ്രാമത്തില്‍ രോഗികള്‍ വര്‍ദ്ധിക്കുന്നത് ഏറെ ആശങ്ക പരത്തുന്നു. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 58 കാരിയുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഏപ്രില്‍ 19 ന് ആശുപത്രി സന്ദര്‍ശിച്ച 18 വയസുള്ള പെണ്‍കുട്ടി വഴി ഭട്കലില്‍ ഇരുപതോളം പേര്‍ക്കാണ് രോഗം പകര്‍ന്നത്.
വെള്ളിയാഴ്ച ഭട്കലിലെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച ഏഴ് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. രണ്ടുദിവസത്തിനകം 19 പേര്‍ക്കാണിവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഏഴുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് മംഗലാപുരത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും 88 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ അയച്ച 190 സാമ്പിളുകളുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം നെഗറ്റീവ് ആയിരുന്നു.

Post a Comment

0 Comments