മരണസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു; ~ഒററ ദിവസം 7,466 പുതിയ രോഗികള്‍ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 7466 കൊവിഡ് കേസുകളാണ്. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറില്‍ മരണത്തിന് കീഴടങ്ങിയത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതല്‍ മരണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളും അമേരിക്കയുടെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സമഗ്രമായ ഡാഷ്‌ബോര്‍ഡും കണക്കുകൂട്ടിയാല്‍ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.
1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാള്‍ ഇരട്ടി വരുമിത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. മരണസംഖ്യയില്‍ പക്ഷേ, ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. രാജ്യത്ത് ഇതുവരെ മരണം 4706 ആണെങ്കില്‍, ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.
ഡിസംബറിലാണ് ചൈനയില്‍ ആദ്യത്തെ നോവല്‍കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വുഹാനില്‍ നിന്ന് ആ വൈറസ് ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നു. 59 ലക്ഷം പേരെയാണ് രോഗം ഇതുവരെ ബാധിച്ചത്. മൂന്നരലക്ഷത്തോളം പേര്‍ മരിച്ചു. ചൈനയില്‍ രോഗം നിയന്ത്രണവിധേയമാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു മാസം, മുന്‍പത്തേതിനെ അപേക്ഷിച്ച്, വളരെക്കുറവ് രോഗികള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ അമേരിക്ക തന്നെയാണ്. 17 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള രാജ്യങ്ങള്‍. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന. ഇറാനും, പെറുവിനും കാനഡയ്ക്കും താഴെ.
മരണസംഖ്യയിലും ഒന്നാമത് അമേരിക്ക തന്നെ. രണ്ടാമത് യുകെയും. പിന്നാലെ ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇന്ത്യ 13-ാം സ്ഥാനത്താണുള്ളത്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍.
ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ഈ മാസമാണ് ഇന്ത്യയില്‍ കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേക തീവണ്ടികളിലും വിമാനങ്ങളിലുമായി പ്രവാസികളും വിവിധ നഗരങ്ങളില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികളും നാട്ടിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം പ്രത്യേകിച്ച് എണ്ണം കുത്തനെ കൂടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയല്ലാതെ, രോഗബാധ തടയാന്‍ ഫലപ്രദമായ മറ്റൊരു നടപടികളും വ്യവസായനഗരങ്ങള്‍ കൂടിയായ മെട്രോ നഗരങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല എന്നതിന്റെ തെളിവായി മുംബൈ, ദില്ലി, ചെന്നൈ എന്നീ നഗരങ്ങളിലെ രോഗവ്യാപനത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് 24 മുതലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. 21 ദിവത്തേക്കുള്ള ലോക്ക്ഡൗണാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും അത് മൂന്ന് തവണ നീട്ടി, നാലാംഘട്ടം മെയ് 31 വരെ തുടരുകയാണ്. ഇതും നീട്ടാനാണ് സാധ്യതയെന്നാണ് സൂചന. പക്ഷേ കൂടുതല്‍ ഇളവുകളുണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ഇന്നലെ ഉന്നതതലയോഗവും വിളിച്ച് ചേര്‍ത്തിരുന്നു. രാജ്യത്ത് സ്ഥിതി ഏറ്റവും ഗുരുതരമായ 13 നഗരങ്ങളിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍മാരുമായും ജില്ലാ മജിസ്‌ട്രേറ്റുമാരുമായും നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതുവരെ ഇന്ത്യ ഏതാണ്ട് 33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത് എന്നാണ് കണക്ക്. ഇന്ത്യയുടെ ജനസംഖ്യയെ അപേക്ഷിച്ച് വളരെ കുറവ് ജനസംഖ്യയുള്ള അമേരിക്കയില്‍ 1.5 കോടി ടെസ്റ്റുകള്‍ നടന്നിട്ടുണ്ട്. റഷ്യയില്‍ ഏതാണ്ട് 97 ലക്ഷം ടെസ്റ്റുകള്‍ നടത്തി, ജര്‍മനിയില്‍ ഏതാണ്ട് 40 ലക്ഷം, ഇറ്റലിയില്‍ ഏതാണ്ട് 36 ലക്ഷം, സ്‌പെയിനില്‍ ഏതാണ്ട് 35 ലക്ഷം എന്നതാണ് കണക്കുകള്‍. ജനസംഖ്യയെ അപേക്ഷിച്ചുള്ള ടെസ്റ്റുകളുടെ കണക്കില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ ആദ്യ നൂറില്‍പ്പോലും എത്തില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments