ലോക്ഡൗണ്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി; പോലീസുകാരന്റെ വീട്ടിലെ സദ്യക്ക് 300 പേര്‍


തൃക്കരിപ്പൂര്‍: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ ഗൃഹപ്രവേശം നടത്തിയത് വിവാദമായി.
ഈയ്യക്കാട് റോഡിലെ വീട്ടില്‍ നടന്ന ഗൃഹപ്രവേശ ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം വരെ വിവിധ ഇടവേളകളിലായി 300 ല്‍പ്പരം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ വിളമ്പിയതാണ് വിവാദമായത്. ഡിവൈഎസ്പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പോലീസിലെ 20 ഓളം ഉദ്യോഗസ്ഥര്‍ ഗൃഹപ്രവേശന ചടങ്ങിലെത്തി ഭക്ഷണം കഴിച്ചു.
ആരോഗ്യ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴു പേരും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരും മൂന്ന് മാധ്യമ പ്രവര്‍ത്തകരും സദ്യയുണ്ടവരില്‍ ഉള്‍പ്പെടും. ജില്ലയിലെ പ്രമുഖ പൊതുമരാമത്ത് കരാറുകാരന്റെ ഇളയ മകനാണ് പോലീസുകാരന്‍.
നടക്കാവ് ഈയ്യക്കാട് റോഡരികില്‍ നിര്‍മ്മിച്ച കൊട്ടാര സദൃശ്യമായ വീട്ടില്‍ പന്തലിടാതെ റോഡിന് വടക്കുഭാഗത്തെ തറവാട് വീട്ടുവളപ്പിലാണ് ഭക്ഷണ വിതരണം നടന്നത്. സാധാരണക്കാരന്റെ വീട്ടില്‍ മരണം നടന്നാല്‍ പോലും അഞ്ചുപേര്‍ കൂടി നില്‍ക്കുന്നുണ്ടോ എന്ന് നോക്കാനെത്തി വിരട്ടി വിടുന്ന പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസുകാരന്റെ വീടിന്റെ ഗൃഹപ്രവേശം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയിട്ടും അതിനെതിരെ യാതൊരു അന്വേഷണവുമില്ല.
സംഭവം നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments