108 ആംബുലന്‍സിലെ ജീവനക്കാര്‍ ക്വാറന്റൈനില്‍


കാഞ്ഞങ്ങാട്: തോട്ടി ഉപയോഗിച്ച് ചക്കപറിക്കുന്നതിനിടയില്‍ ഞെടുപ്പറ്റ ചക്ക പ്ലാവിന്റെ കമ്പില്‍തട്ടി തെറിച്ച് അബദ്ധത്തില്‍ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് ജീവനക്കാര്‍ ക്വാറന്റൈനില്‍.
ജില്ലാ ആശുപത്രിക്ക് കീഴിലെ 108 ആംബുലന്‍സിലെ ഡ്രൈവറും നഴ്‌സിംഗ് സ്റ്റാഫും ഉള്‍പ്പെടെയാണ് ക്വാറന്റൈനിലായത്. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ എണ്ണപ്പാറക്ക് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവറുടെ തലയിലാണ് ചക്ക വീണത്.
ചക്കപറിക്കാന്‍ പോയ യുവാവിനെ ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതിരുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചുപോയി. ഇതിനിടയിലാണ് ബോധരഹിതനായി പ്ലാവിന്റെ ചുവട്ടില്‍ യുവാവിനെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായതിനാല്‍ ശസ്ത്രക്രിയക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയത്.
കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഇതേവരെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പ്രാദേശികമായി റിക്ഷ ഓടിക്കുന്നതിനും മറ്റ് കൃഷിപ്പണികള്‍ക്കുമിടയില്‍ രണ്ടാഴ്ച മുമ്പ് ഒരുരോഗിയേയും കൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും കപ്പ കൃഷി നടത്താന്‍ കപ്പത്തണ്ട് കൊണ്ടുവരാന്‍ പൂടംകല്ലിലേക്കും പോയിരുന്നു.

Post a Comment

0 Comments