ലീഗും കേരളാകോണ്‍ഗ്രസും ശക്തിയാര്‍ജ്ജിക്കുന്നു; കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളിലും ആശങ്ക വളരുന്നു


തിരുവനന്തപുരം: വിവിധ കേരള കോണ്‍ഗ്രസുകളെ ഒന്നിച്ചുകൊണ്ടുവന്ന് പാര്‍ട്ടി വിപുലീകരിക്കാനുള്ള പി.ജെ. ജോസഫിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശങ്ക.
ജോസഫിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരേയും കൂടി മടക്കികൊണ്ടുവരാനുള്ള ശ്രമം മദ്ധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. മലബാറില്‍ മുസ്ലീംലീഗും മദ്ധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസുകളും പിടിമുറുക്കികഴിയുമ്പോള്‍ കോണ്‍ഗ്രസിന്റെ സാദ്ധ്യതകളില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഈ നീക്കം വിജയിച്ചാല്‍ മൂവാറ്റുപുഴ സീറ്റ് അടിയറവയ്‌ക്കേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെ.കരുണാകരന്റെ കാലത്ത് കേരളാകോണ്‍ഗ്രസ് വളരുന്നതിനനുസരിച്ച് കേരളാകോണ്‍ഗ്രസുകളെ കരുണാകരന്‍ പിളര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് അത്ര സാമര്‍ത്ഥ്യമുള്ള കോണ്‍ഗ്രസുകാര്‍ എ ഗ്രൂപ്പിലുമില്ല, ഐ ഗ്രൂപ്പിലുമില്ല.
കേരള കോണ്‍ഗ്രസ് എന്നും മദ്ധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെങ്കിലും അവ വിഘടിച്ച് രണ്ടു മുന്നണികളിലുമായി നിന്നതുകൊണ്ടുതന്നെ അതിന്റെ പ്രത്യാഘാതം കുറവായിരുന്നു. എന്നാല്‍ ജോസഫ് വിഭാഗം മാണിയുമായി ലയിച്ചതോടെ അതിന് ചില മാറ്റങ്ങള്‍ വന്നിരുന്നു. അതിന്റെ ഫലമായിട്ടാണ് കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിച്ച കോതമംഗലം സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിനായി നല്‍കേണ്ടിവന്നത്. എങ്കില്‍പ്പോലൂം ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും വിട്ടുപോയതുകൊണ്ടുതന്നെ ആ നീക്കവും അത്ര ഫലപ്രദമായില്ല.
എന്നാല്‍ ഇപ്പോള്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം വളരെ ആസൂത്രിതമാണെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളിലുള്ളത്. ജോസഫ് വിഭാഗവുമായി ഒരു ലയനവുമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പരസ്യമായി പറയുന്നുണ്ടെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അഥവാ ഫ്രാന്‍സിസ് ജോര്‍ജ് വന്നില്ലെങ്കില്‍ കൂടിയും മൂവാറ്റുപുഴ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം നില്‍ക്കുന്ന പല പ്രാദേശിക നേതാക്കളും അനുയായികളും തിരിച്ച് ജോസഫിനോട് മടങ്ങും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രത്യേകിച്ച് കല്ലൂര്‍കാട് പോലുള്ള പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇവരുടെ മടക്കം ജോസഫിന്റെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കും. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള എതിര്‍പ്പ് മൂലമാണ് തല്‍ക്കാലം ലയനമില്ലെന്ന നിലപാട് ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിക്കുന്നത്. എന്നാല്‍ ഒപ്പമുള്ള അണികള്‍ പോയാല്‍ ഫ്രാന്‍സിസ് ജോര്‍ജിനും സ്വാഭാവികമായി ജോസഫിനൊപ്പം പോകേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ജേക്കബ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജോണിനെല്ലൂരും കൂട്ടുരും കഴിഞ്ഞദിവസം ജോസഫ് വിഭാഗവുമായി ലയിച്ചുകഴിഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെടുന്ന ആയവന പഞ്ചായത്തുപോലുള്ളിടത്ത് ജോണിനെല്ലൂരിനും മറ്റും വലിയ സ്വാധീനമാണുള്ളത്. അവര്‍ കൂടി വരുന്നതോടെ ആ മേഖലയില്‍ കോണ്‍ഗ്രസിനെക്കാള്‍ ശക്തി ജോസഫ് വിഭാഗത്തിനാകും. അത് മൂവാറ്റുപുഴ സീറ്റിനുള്ള സര്‍മ്മദ്ദം ശക്തമാക്കാന്‍ ജോസഫിന് സഹായമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാല്‍ ഒരു സീറ്റിന് ജോസ് കെ. മാണിയും നിലപാട് കടുപ്പിക്കും.
ഇത് ആ ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ വലിയ പ്രത്യാഘാതം ഇതുണ്ടാക്കും. ഇതിന് പുറമെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളിലും കേരള കോണ്‍ഗ്രസ് പിടിമുറുക്കും. അത് മുന്നണിയില്‍ കോണ്‍ഗ്രസിന്റെ നില തീരെ ദുര്‍ബലമാക്കുന്നതിലേക്ക് നയിക്കും. ഇപ്പോള്‍ തന്നെ മലബാറില്‍ ലീഗിനാണ് അപ്രമാദിത്വം. ഇത് തന്നെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ അഭിപ്രായങ്ങളാണ് അവിടെ നടപ്പാക്കുന്നത്. ഇനി മദ്ധ്യതിരുവിതാംകൂറില്‍ കൂടി സ്വാധീനം നഷ്ടപ്പെടുകയാണെങ്കില്‍ തെക്കന്‍തിരുവിതാംകൂറില്‍ മാത്രം ഒതുങ്ങുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറും. അതുകൊണ്ട് ഇക്കാര്യം വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണമെന്ന മുന്നറിയിപ്പാണ് അവര്‍ നേതൃത്വത്തിന് നല്‍കുന്നത്.

Post a Comment

0 Comments