ജോസഫ് കനകമൊട്ട അന്തരിച്ചു


മാലക്കല്ല്: മലയോര വികസനശില്‍പ്പി ജോസഫ് കനകമൊട്ട (92) അന്തരിച്ചു. ഇന്ന് രാവിലെ മാലക്കല്ലിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാപള്ളിയിലെ കുടുംബകല്ലറയില്‍.
ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന മലയോര ഹൈവേ എന്ന ആശയം മുമ്പോട്ടുവെച്ച് മലയോര ഹൈവേ സര്‍ക്കാരിനെകൊണ്ട് അംഗീകരിക്കിപ്പിക്കാന്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകനാണ് ജോസഫ് കനകമൊട്ട. 23-ാം വയസ്സില്‍ കോട്ടയം ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥനായി നിയമനം നേടിയ ജോസഫ് കനകമൊട്ട മലബാറിലെ കുടിയേറ്റ മേഖലകളിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ നേരിട്ടറിഞ്ഞ് മലബാറിലേക്ക് സ്ഥലം മാറ്റം വാങ്ങുകയാണുണ്ടായത്.
1967 ല്‍ മലയോര വികസനസമിതി രൂപീകരിച്ചുകൊണ്ടാണ് വികസനപ്രവര്‍ത്തനങ്ങളുടെ തുടക്കം. മലയോര ഹൈവേ കൂടാതെ കാണിയൂര്‍ റെയില്‍പാത എന്ന ആശയം മാലക്കല്ലിലെ എഞ്ചിനീയര്‍ ജോസ് കൊച്ചിക്കുന്നേലുമായി പങ്കുവെച്ച് കാണിയൂര്‍പാതയ്ക്കായി ശ്രമം നടത്തി. മലയോര പ്രദേശങ്ങളില്‍ പാലം, ബസ് സര്‍വ്വീസ്, റോഡ് തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ജോസഫ് കനകമൊട്ട പ്രാധാന്യം നല്‍കിയത്.
അരനൂറ്റാണ്ടിലധികം കാലമായി നാടിന്റെ വികസനമായിരുന്നു കനകമൊട്ടയുടെ ലക്ഷ്യം. ഏറ്റവും ഒടുവില്‍ ഫെബ്രുവരി 27 ന് ഒടയംചാലിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് മലയോര ഹൈവേയുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനും അവശതകള്‍ മറന്ന് കനകമൊട്ടയെത്തിയിരുന്നു. ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി മറുപടി നല്‍കിയെങ്കിലും താന്‍ മരിക്കുന്നതിന് മുമ്പ് നടക്കുമോ എന്ന് കനകമൊട്ട മന്ത്രിയോട് ചോദിച്ചിരുന്നു.
കോട്ടയം ഏറ്റുമാനൂര്‍ പറമ്പേട്ട് ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെന്‍മേരിസ് സ്‌കൂള്‍ മാലക്കല്ല്) മക്കള്‍: വത്സമ്മ ജോസഫ് (റിട്ട.ഡി.ഇ.ഒ. കോട്ടയം) , ജോളി ജോസഫ് (റിട്ട. ഹെഡ് നേഴ്‌സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്), ജെസി ജോസഫ് (റിട്ട. അധ്യാപിക ജി.എച്ച്.എസ.്എസ് ബളാംതോട് ), സന്തോഷ് ജോസഫ് (ഹെഡ്മാസ്റ്റര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം), സത്യന്‍ ജോസഫ് (ഹെഡ്മാസ്റ്റര്‍ ജി.ഡബ്യു എല്‍.പി.എസ് കുടുംബൂര്‍), പ്രകാശ് ടി.ജെ (ലക്ച്ചര്‍ പീപ്പിള്‍സ് കോളേജ് മുന്നാട്). മരുമക്കള്‍: ലൂയിസ് മാത്യു ഏളംകുളത്ത് (റിട്ട. ഹെഡ്മാസ്റ്റര്‍ കോട്ടയം) ,സാലി (റിട്ട.ഹെഡ്‌നേഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ഒ.കെ. തോമസ് (ഫെഡറല്‍ ബാങ്ക് രാജപുരം), ഷൈലമ്മ (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് രാജപുരം ). ജെയ്‌സി (അധ്യാപിക സെന്‍മേരിസ് എ.യു. പി.എസ് രാജപുരം), ഡെയ്‌സി മാത്യു (അധ്യാപിക എച്ച്.എഫ്.എച്ച്.എസ്. എസ് രാജപുരം). സഹോദരങ്ങള്‍: ടി.ഒ.ജോണ്‍ (ന്യൂസ് ഏജന്റ് രാജപുരം), ടി.ഒ.സൈമണ്‍ (പറമ്പേട്ട് ഏറ്റുമാന്നൂര്‍). മേരി ജോണ്‍ തെക്കേല്‍ (കിടങ്ങൂര്‍), പരതേരായ ടി.ഒ. തോമസ്, ടി.ഒ മത്തായി.

Post a Comment

0 Comments