ഫ്‌ളഡ് തുക വകമാററി ചിലവഴിച്ചു; റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി


കാഞ്ഞങ്ങാട്: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫ്‌ളഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച കാല്‍ക്കോടിയിലേറെ രൂപ വകമാറ്റി ചിലവഴിക്കുന്നതായി ആരോപണം.
പടന്നക്കാട് റെയില്‍വേ ഗേറ്റ്-നമ്പ്യാര്‍ക്കാല്‍ പാലംവരെയുള്ള 360 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് റോഡാക്കി മാറ്റാനാണ് ഫ്‌ളഡില്‍ കാല്‍ക്കോടിയിലേറെ രൂപ അനുവദിച്ചത്. എന്നാല്‍ ഈ തുക വാഴുന്നോറടി റോഡിനായി വകമാറ്റിയെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ നമ്പ്യാര്‍ക്കാല്‍-പടന്നക്കാട് റെയില്‍വേഗേറ്റ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. നമ്പ്യാര്‍ക്കാല്‍ റോഡ് പാലം ഉദ്ഘാടനം ചെയ്തിട്ടും ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങള്‍ക്ക് ഇത് വഴി കടന്നുപോകാനും കഴിയുന്നില്ല. കാലവര്‍ഷത്തില്‍ തകര്‍ന്ന ഈ റോഡില്‍ ഇപ്പോള്‍ കുഴികള്‍ മാത്രമാണുള്ളത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് ഫ്‌ളഡില്‍ ഉള്‍പ്പെടുത്തി കാല്‍ക്കോടി രൂപ അനുവദിച്ചത്. എന്നാല്‍ ഈ തുക ഉപയോഗിച്ച് വാഴുന്നോറടി റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയാണ് ചെയ്തത്. നമ്പ്യാര്‍ക്കാല്‍ റോഡാകട്ടെ കേവലം നാല് ലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപണികള്‍ നടത്തുകയാണ് ചെയ്തത്. നിലവിലുള്ള കുഴിപോലും നികത്താതെ ടാറിംങ് ചെയ്തതിനാല്‍ റോഡ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്. നമ്പ്യാര്‍ക്കാല്‍ റോഡിനായി അനുവദിച്ച കാല്‍ക്കോടിരൂപ വകമാറ്റിയതിനെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments