വെള്ളരിക്കുണ്ട്: പുരോഹിതനാണെന്ന വ്യാജേന പാലക്കാട്ടെ സീനായ് ധ്യാനകേന്ദ്രത്തിലെത്തിയ ബളാലിലെ ഓമനയുടെ മകന് പറയിടം ജോബിന്‍തോമസ് എന്ന സെബിന് (35) ധ്യാനകേന്ദ്രത്തില്‍ താമസിക്കുന്നതിനിടയില്‍ മൂന്നുപേരെ കുമ്പസാരിപ്പിച്ച വിവരവും പുറത്തുവന്നു. മൂന്നുപേരില്‍ ഒരാള്‍ വിവാഹം കഴിക്കാത്ത യുവതിയും മറ്റൊരാള്‍ വിവാഹം കഴിച്ച യുവതിയുമാണ്.
എം.എസ്.ടി സഭയുടെ സുപ്പീരിയറാണെന്ന് പറഞ്ഞാണ് സീനായ് ധ്യാനകേന്ദ്രത്തില്‍ വിളിച്ച് സെബിന്റെ പേര് ബുക്ക് ചെയ്തത്. വൈദികനാണെന്ന് കരുതി സെബിന് ധ്യാനകേന്ദ്രത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. ദിവ്യബലിക്കിടയില്‍ പന്തികേട് തോന്നിയതോടെയാണ് സെബിന്റെ തട്ടിപ്പ് പുറത്തുവന്നതും അവിടെനിന്നും സ്ഥലം വിടേണ്ടിവന്നതും.
പാലക്കാടുനിന്നും മുങ്ങിയ സെബിന് നേരെ ബളാലിലെത്തി മാതാവ് ഓമനയുമായി വഴക്കിട്ടു. ബഹളം കേട്ട് സമീപവാസികള്‍ എത്തി സെബിനെ പിടികൂടി മുറിക്കുള്ളിലാക്കി. പിന്നീട് വെള്ളരിക്കുണ്ട് പോലീസിന് കൈമാറി. പോലീസ് കസ്റ്റഡിയിലെടുത്ത് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ഹോസ്പിറ്റലിലെ മാനസീകരോഗചികിത്സാവിഭാഗത്തില് അഡ്മിറ്റാക്കാന്‍ കൊണ്ടുപോയെങ്കിലും കൂടെനില്ക്കാന് ആളില്ലാത്തതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കാന്‍ കഴിഞ്ഞില്ല. സെബിനുമായി മടങ്ങിയ പോലീസ് മടിക്കൈ മലപ്പച്ചേരിയില്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന അഭയകേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയും എടുത്തില്ല. തുടര്‍ന്ന് അമ്പലത്തറ മൂന്നാംമൈലിലെ സ്നേഹാലയത്തിലാക്കുകയാണുണ്ടായത്. മാനസികരോഗം അഭിനയിച്ച് നാടുചുറ്റുന്ന സെബിന് നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. പോലീസിന്റെ പിടിയിലാവുമ്പോള്‍ മാനസികരോഗത്തിന് ചികിത്സിക്കുന്ന രേഖകള്‍ കാണിച്ച് രക്ഷപ്പെടുകയാണ് പതിവ്.
0 Comments