നീലേശ്വരം: പേരോല്‍ വട്ടപ്പൊയില്‍ കപ്പണക്കാലിലെ ഗള്‍ഫുകാരനായ മനോജിന്റെ ഭാര്യ മുളിയാര്‍ ചോക്കുമൂല ഗോളിയടുക്കത്തെ വിനയകുമാരിയുടെ (24) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരി സുശീല ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ഫെബ്രുവരി 17 നായിരുന്നു വിനയകുമാരിയെ ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് മനോജും വിനയയും തമ്മില്‍ വിവാഹിതരായത്. പിന്നീട് ഗള്‍ഫില്‍പോയ മനോജ് ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയശേഷം മനോജും വിനയയും തമ്മില്‍ മിക്കപ്പോഴും വഴക്കിട്ടിരുന്നതായി പരിസരവാസികള്‍ ആരോപിച്ചിരുന്നു. മരണപ്പെട്ട ദിവസം രാത്രിയും ഇവര്തമ്മില് വാക്കേറ്റമുണ്ടായിരുന്നുവത്രെ. തുടര്‍ന്ന് ഭാര്യയുമായി പിണങ്ങി മനോജ് വീടിന് പുറത്തുകിടന്നുറങ്ങിയെന്നാണ് പറയപ്പെടുന്നത്. രാവിലെ വിനയ ഉണരാത്തതിനെതുടര്‍ന്ന് വാതില്തുറന്നുനോക്കിയപ്പോള് മുറിക്കകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എന്നാല്‍ സഹോദരിക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സുശീല പരാതിയില്‍ പറയുന്നത്. അതേസമയം മരണപ്പെടുന്നതിന് മുമ്പ് വിനയകുമാരിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നിട്ടുപോലും ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം പോലും ചുമത്താതെ പോലീസ് കള്ളക്കളി നടത്തുകയാണെന്നും ആരോപണമുണ്ട്.
0 Comments