ജേക്കബ്ബ് ഗ്രൂപ്പിന് പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസും പിളര്‍പ്പിലേക്ക്


കോട്ടയം: യു.ഡി.എഫിലെ കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പിനു പിന്നാലെ ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസും പിളര്‍പ്പിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ളവര്‍ കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗത്തില്‍ ലയിക്കും. മുന്‍ എം.പി.വക്കച്ചന്‍ മറ്റത്തില്‍, സംഘടനാ ചുമതലയുളള പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.പി.പോളി, പാര്‍ട്ടി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ തോമസ് കുന്നപ്പള്ളി തുടങ്ങിയ നേതാക്കളും ചെയര്‍മാനെ അനുഗമിക്കും.
എന്നാല്‍, തലമുതര്‍ന്ന നേതാക്കളായ ഡോ. കെ.സി.ജോസഫ്, ആന്റണി രാജു തുടങ്ങിയവര്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കും. മറ്റൊരു പ്രധാന നേതാവായ പി.സി. ജോസഫ് ഇതുവരെയും നിലപാടു സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഈ മാസം 14ന് കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ചേരും. ഇതിനു മുമ്പു തന്നെ പാര്‍ട്ടി പിളരുമെന്നാണ് സൂചന.
ഫ്രാന്‍സിസ് ജോര്‍ജിനെ ഒപ്പം കൂട്ടാന്‍ ജോസഫ് വിഭാഗം നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗവും അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നതായി പി.ജെ.ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണിയുമായുളള അഭിപ്രായഭിന്നതമൂലമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള വിഭാഗം കേരള കോണ്‍ഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി നാലു സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
മാണി ഗ്രൂപ്പ്, ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങളായി പിരിഞ്ഞ സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ മടക്കം ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണു ജോസഫിന്റെ കണക്കുകൂട്ടല്‍. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് (എം) ആരുടേതെന്ന തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിലാണ്. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പേരും രണ്ടില ചിഹ്‌നവും മരവിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും പാര്‍ട്ടിയെ തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ ഒരു എം. പി.യും രണ്ടു എം.എല്‍. എമാരും വേണം.
അതല്ലെങ്കില്‍ നാല് എം. എല്‍.എ.മാര്‍ വേണം. നിലവില്‍ ജോസ് കെ. മാണി വിഭാഗത്തിന് ഈ യോഗ്യത ഉണ്ട്. എന്നാല്‍, ഈ നിബന്ധന പാലിക്കാന്‍ ജോസഫ് വിഭാഗത്തിന് ഒരു എം.എല്‍.എയുടെ കൂടി ആവശ്യമുണ്ട്. ഉടനടി ഒരു എം.പി സ്ഥാനം സ്വന്തമാക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ എം.എല്‍.എമാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നീക്കം. അടുത്തുവരുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെയാണ് ഇതിനായി ജോസഫ് വിഭാഗം ഉന്നമിടുന്നത്. ഇതിനായി പരമാവധി ശക്തി സംഭരിക്കുകയാണ് ആദ്യ ലക്ഷ്യം. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ത്തി ജോണി നെല്ലൂരിനെ ഒപ്പമെത്തിച്ചതിനു പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജിനെയും കൂടെകൂട്ടാനുള്ള തന്ത്രം ഇതിന്റെ ഭാഗമാണ്.

Post a Comment

0 Comments