കാഞ്ഞങ്ങാട് : പൂര്‍വ വിദ്യാര്‍ഥിയായിരിക്കെ സ്കൂള്‍ പ്രാര്‍ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്ന സംഗീതാധ്യാപകന് വിരമിക്കല്‍ വര്‍ഷത്തെ അവസാന പ്രാര്‍ഥനയിലും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംഗീതാധ്യാപകന് വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സ്കൂള്‍ കുട്ടികള്‍ക്കൊപ്പം പ്രാര്‍ഥനയ്ക്കു ചേര്‍ന്നത്. മഹാകവി പിയുടെ സാന്ധ്യപ്രഭ കോര്‍ത്ത എന്നു തുടങ്ങുന്ന കവിതയാണ് വിഷ്ണുഭട്ട് തന്നെ സംഗീതാവിഷ്കാരം നല്കി വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ഇദ്ദേഹം തന്നെ നേതൃത്വം നല്കുന്ന ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളായ വിദ്യാര്‍ഥികളാണ് പ്രാര്‍ഥന ചൊല്ലിയത്.
ആറാം വയസില്‍ ഇതേ സ്കൂളില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന വിഷ്ണുഭട്ട് വീട്ടുമുറ്റത്തു തന്നെയുള്ള സ്കൂളുമായി അരനൂറ്റാണ്ട് നീണ്ട ആത്മബന്ധത്തിനു വിരാമമിട്ടാണ് മെയ് 31 ന് സര്‍വീസില്‍ നിന്നു വിരമിക്കുന്നത്.
വെള്ളിക്കോത്ത് സ്കൂളില്‍ തന്നെ സംഗീതാധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഇദ്ദേഹം 2017 ല്‍ ആണ് സ്കൂളില്‍ തന്നെ സംഗീതാധ്യാപകനായി തിരിച്ചെത്തിയത്. ജനകീയ സംഗീത പ്രസ്ഥാനം ഇവിടെ രൂപീകരിച്ച് ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
മറ്റ് സ്കൂളുകളില്‍ ജോലി ചെയ്തിരുന്നപ്പോഴും സ്കൂളിനു സംഘഗാന, സ്വാഗത ഗാന പരിശീലനം നല്‍കിയിരുന്നു. റിപബ്ലിക് ദിനത്തില്‍ തുടക്കമിട്ട സംഗീതീക 2020 പരിപാടിയുടെ ഭാഗമായി 18 ന് ഉച്ചയ്ക്ക് രണ്ടിനു സ്കൂള്‍ എല്‍പി വിദ്യാര്‍ഥികളുടെ കവിതകള്‍ക്കു സംഗീതാവിഷ്കാരവുമൊരുക്കുന്നുണ്ട് ഇദ്ദേഹം.
0 Comments