പെരിയ ഇരട്ടക്കൊല: രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ


തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്ന് ഹൈക്കോടതിയില്‍ സിബിഐയുടെ സത്യവാങ്മൂലം.
കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ഇടതുസര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിരുന്നു. വന്‍തുക ഫീസ് കൊടുത്ത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കിയിരുന്നു. കഴിഞ്ഞ നാല് സിറ്റിങ്ങുകളില്‍മാത്രം ഒരുകോടിയിലേറെയാണ് കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ചത്. രണ്ട് യുവാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടുന്നതില്‍ സിപിഎം എന്തിന് ഭയപ്പെടുന്നു എന്നതാണ് ദുരൂഹത. ഇതില്‍നിന്നും പാര്‍ട്ടി നേതൃത്വത്തിന് വേണ്ടപ്പെട്ടവര്‍ ആരോ പെരിയ ഇരട്ടക്കൊലപാതകകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം.
ജില്ലയിലെ ഒരു എം.എല്‍.എ ജില്ലാകമ്മറ്റിയിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കൊലചെയ്യപ്പെട്ട കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ ആദ്യം തന്നെ ആരോപിച്ചിരുന്നു. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വവും ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി കല്യോട്ടെ പൊതുയോഗത്തില്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരായിരുന്നു സര്‍ക്കാരിനായി ഹൈക്കോടതിയില്‍ ഹാജരായത്.
അതേസമയം പെരിയ ഇരട്ടകൊലപാത കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമരം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments