കാഞ്ഞങ്ങാട്-പാണത്തൂര്‍-ബാഗമണ്ഡലം ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ ഉടക്ക്


രാജപുരം: ദേശീയപാത റോഡ് വികസന പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാഞ്ഞങ്ങാട് -പാണത്തൂര്‍ വാഗമണ്ഡല ദേശീയപാത പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉടക്ക്.
മലയോര മേഖലയിലൂടെ കര്‍ണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതാണ് കാഞ്ഞങ്ങാട് പാണത്തൂര്‍ വാഗമണ്ഡലം മടിക്കേരി ദേശീയപാത പദ്ധതി. മൂന്ന് വര്‍ഷം മുമ്പാണ് മുന്‍ എം.പി പി.കരുണാകരന്റെ പരിശ്രമത്തില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ വാഗമണ്ഡല റോഡ് ദേശീയപാത റോഡ് വികസന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് റോഡിന്റെ പ്രാഥമിക സര്‍വേ നടത്തി റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കൈമാറിയിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. മലയോരമേഖലയിലേയും ജില്ലയുടെ തെക്കന്‍ മേഖലയിലേയും ജനങ്ങള്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ദേശീയപാത യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് ആരോപണം. കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതക്ക് നിലവില്‍ 25 മുതല്‍ 35 മീറ്റര്‍ വരെ വീതിയുണ്ട്. ദേശീയപാതക്ക് 45 മീറ്റര്‍ വീതി വേണം. ഗ്രാമീണ മേഖലയിലായതിനാല്‍ 35 മീറ്ററായി കുറക്കണമെന്ന് ആവശ്യപ്പെട്ട് പി.കരുണാകരന്‍ കേന്ദ്രമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
2018 ഏപ്രിലില്‍ ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.ജെ.കൃഷ്ണന്‍, ഡിപി.ആര്‍ സര്‍വേ കരാറെടുത്ത സേലം മുകേഷ് ആന്‍ഡ് അസോസിയേറ്റ്‌സ് കമ്പനി ഡയറക്ടര്‍ എം.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടര കോടി രൂപ ചിലവില്‍ ഡിപിആര്‍ സര്‍വ്വേ നടത്തി ദേശീയപാത വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കാഞ്ഞങ്ങാട്, മാവുങ്കാല്‍, അമ്പലത്തറ, പാറപ്പള്ളി, ഇരിയ, ഓടയംചാല്‍, ചുള്ളിക്കര, രാജപുരം, മാലക്കല്ല്, കോളിച്ചാല്‍, പനത്തടി, ബളാംതോട്, പാണത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഗതാഗത സൗകര്യം, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ഘടന, കയറ്റവും വളവുകളും കുറക്കല്‍, പാലങ്ങളുടെ എണ്ണം, വനമേഖല, കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ജനസംഖ്യ, കച്ചവടസ്ഥാപനങ്ങള്‍, ഭൂമി എന്നീ വിവരങ്ങള്‍ പരിശോധിച്ചു.
കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍വരെ 44 കിലോമീറ്ററും പാണത്തൂരില്‍ നിന്നും മടിക്കേരിക്ക് 57 കിലോമീറ്ററുമാണ് ദൂരം. പാത യഥാര്‍ഥ്യമായാല്‍ കാഞ്ഞങ്ങാട് മടിക്കേരി ദൂരം 97 കിലോമീറ്ററില്‍ നിന്നും 73 ആയി ചുരുങ്ങും.

Post a Comment

0 Comments