റോഡ് അപകടങ്ങള്‍ കുറക്കാനുള്ള 'സേഫ് ' പദ്ധതി അത്ര സേഫായില്ല


കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വാഹനാപകട നിരക്ക് കുറയ്ക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ സേഫ് കേരള പദ്ധതി ഇപ്പോഴും സേഫായില്ല. രണ്ടുവര്‍ഷമുമ്പാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോഴും ഇത് പൂര്‍ണസജ്ജമായില്ല. നിരത്തുകളില്‍ അപകടങ്ങള്‍ അനുദിനം വര്‍ദ്ധിക്കുമ്പോഴും പദ്ധതി ഫയലില്‍ ഉറങ്ങുകയാണ്. നടപ്പാക്കാന്‍ ശ്രമമാരംഭിച്ച ജില്ലകളില്‍പോലും അസൗകര്യങ്ങള്‍ കാരണം പ്രവര്‍ത്തനം മന്ദഗതിയിലാണ്. ശബരിമല സേഫ് സോണ്‍ മാതൃകയില്‍ എല്ലാ ജില്ലകളിലും അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് റോഡ് സുരക്ഷ ശക്തിപ്പെടുത്താനായിരുന്നു തീരുമാനം.
എന്നാല്‍ ഇപ്പോഴും ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങാനോ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല. രാപകല്‍ റോഡില്‍ കാവല്‍ക്കണ്ണായിമാറേണ്ട പദ്ധതി ഗതാഗതവകുപ്പിന്റെ പിടിപ്പുകേടായി കടലാസില്‍ തന്നെയാണിപ്പോഴും. പദ്ധതിയ്ക്കായി 262 തസ്തികകളാണ് സൃഷ്ടിച്ചത്. 65 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 155 അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെയാണിത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന നോഡല്‍ ഓഫീസറായി ആര്‍.ടി.ഒ ഗ്രേഡിലുള്ള ഉദ്യോഗസ്ഥനെയും പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കാനായി ഓരോ ജില്ലയിലേക്കും പ്രത്യേകം ആര്‍.ഡി.ഒമാരേയും (എന്‍ഫോഴ്‌സ്‌മെന്റ്) നിയമിച്ചെങ്കിലും നിരത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ അത് പര്യാപ്തമായില്ല. 24 മണിക്കൂറും റോഡില്‍ ഉണ്ടാവുന്ന സ്‌ക്വാഡുകളാണ് ഈ പദ്ധതിയുടെ നട്ടെല്ല്. മൂന്നാഴ്ചയിലൊരിക്കല്‍ പകല്‍ സമയത്തും രണ്ടാഴ്ച കൂടുമ്പോള്‍ രാത്രി എട്ടിനുശേഷവും അപ്രതീക്ഷിതമായും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്‌ക്വാഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിനും അവര്‍ ട്രാന്‍സ്‌പോര്‍ട്ട് റോഡ് കമ്മീഷണര്‍മാര്‍ക്കും അവരത് സര്‍ക്കാരിലേക്കും ആറുമാസത്തിലൊരിക്കല്‍ നല്‍കേണ്ടതുണ്ട്. പദ്ധതിയുടെ ഏതെങ്കിലും ഘട്ടത്തിലുണ്ടായേക്കാവുന്ന വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നതിനാല്‍ പഴുതടച്ച പദ്ധതിയെന്നാണ് പൊതുവേ കരുതുന്നത്. ട്രാഫിക് സിഗ്‌നലുകളും നിരീക്ഷണ കാമറകളും പ്രവര്‍ത്തിക്കാത്ത അവസ്ഥ പദ്ധതി പൂര്‍ണമാവുന്നതോടെ മാറും. കാരണം ഇവയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കേണ്ട ഉത്തരവാദിത്തവും പദ്ധതിക്കുണ്ട്. ഇന്നത്തെ റോഡ് സാഹചര്യങ്ങളില്‍ ഫലപ്രദമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാകുന്ന പദ്ധതിയ്ക്ക് ഇനിയും അനക്കം വയ്ക്കാത്തതില്‍ സുരക്ഷാ ഏജന്‍സികള്‍ക്കും അസംതൃപ്തിയുണ്ട്. അതിനിടെ പദ്ധതിയുടെ കീഴില്‍ രൂപവല്‍ക്കരിച്ച 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കുള്‍പ്പെടെ ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന 95 വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ എടുക്കാനുള്ള തീരുമാനം പല ജില്ലകളിലും ഇനിയും നടപ്പായില്ല. വാടകത്തുകയില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന നിഷേധ നിലപാടാണ് കാരണമെന്നാണ് അറിയുന്നത്. പ്രവര്‍ത്തനം ആരംഭിച്ച ഇടങ്ങളില്‍പോലും ആര്‍.ടി.ഒയുടെ വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

Post a Comment

0 Comments