പരപ്പയില്‍ ഹോട്ടലുടമയുടെ വീടാക്രമിച്ചു; വ്യാപാരികള്‍ കടകളടച്ച് പ്രകടനം നടത്തി


പരപ്പ: പരപ്പയില്‍ ഹോട്ടലുടമയുടെ വീട് അക്രമിച്ച് തകര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരനെ അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
പരപ്പ ടൗണിലെ റോയല്‍ പാലസ് ഹോട്ടല്‍ ഉടമ ഇല്ല്യാസിന്റെ പരപ്പച്ചാലിലെ വീട് അക്രമിച്ച സംഭവത്തില്‍ നമ്പ്യാര്‍കൊച്ചിയിലെ അബ്ദുള്‍ ബാസിദ് (28), ഇല്ല്യാസിന്റെ ഹോട്ടലിലെ ജീവനക്കാരനായ രവിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പരപ്പ കുപ്പമാട്ടെ ജയപ്രകാശ് (26) എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ്.ഐ ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്. വീടാക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബാസിദിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയത്. മര്‍ദ്ദനത്തിനിടയില്‍ അപസ്മാരമിളകിയ അബ്ദുള്‍ ബാസിദിനെ പോലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജയപ്രകാശിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബാസിദ് രവിയെ അക്രമിച്ച കേസിലും വീടാക്രമിച്ച കേസിലും പ്രതിയാണ്. ബാസിദും ജയപ്രകാശും പരപ്പയില്‍ മദ്യവില്‍പ്പന നടത്തുന്നുവെന്ന് പോലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച് രണ്ടുദിവസം മുമ്പാണ് രവിയെ ഇരുവരും ചേര്‍ന്ന് പരപ്പയില്‍വെച്ച് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ജയപ്രകാശിനെ പോലീസ് അറസ്റ്റുചെയ്തത് ഇല്ല്യാസിന്റെ സമ്മര്‍ദ്ദംമൂലമാണെന്നാരോപിച്ചാണ് ഇല്ല്യാസിന്റെ പരപ്പച്ചാലിലെ വീടിനുനേരെ ഇന്നലെ വൈകീട്ട് നാലരയോടെ ബാസിദ് കല്ലേറ് നടത്തിയത്.
വീടാക്രമിക്കുമ്പോള്‍ ഇല്ല്യാസിന്റെ ഭാര്യയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഹോട്ടല്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധ പ്രകടനം നടത്തി. വിജയന്‍ കോട്ടക്കല്‍, അനാമയന്‍, സലീം വി.നാരായണന്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു. നാളെ വൈകുന്നേരം 4 മണിക്ക് മുഴുവന്‍ കടകളടച്ച് സര്‍വ്വകക്ഷി പൊതുയോഗം നടത്തുവാന്‍ തീരുമാനിച്ചു.

Post a Comment

0 Comments