കാസര്‍കോട് : മഞ്ചേശ്വരത്ത് വീണ്ടും ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ആര്.എസ്.എസും ഇതര സംഘപരിവാര്‍ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളില്‍ സംബന്ധിക്കുന്നതിന് ഇതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മറ്റും ഒരുങ്ങികഴിഞ്ഞു. യുവസേന മജീര്‍പ്പള്ള എന്ന പേരിലാണ് പോസ്റ്റര്‍. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട വോര്‍ക്കാടി പഞ്ചായത്തിലെ മജീര്പള്ളയിലാണ് ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവുക. ഈ മാസം 29 നാണ് മത്സരം. യുവസേന മജീര്‍പ്പള്ള എന്ന സാംസ്കാരിക സംഘടനയുടെ ബാനറിലാണ് ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്തരം കായിക മത്സരങ്ങള്‍ നടത്തി വര്‍ഗീയത പ്രചരിപ്പിക്കുന്ന കളികളും മറ്റും മഞ്ചേശ്വരത്ത് സാധാരണമാണ്. മുമ്പ് ഉപ്പള ബേക്കുറിലും പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ബെരിപ്പദവിലും ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള ശ്രീദേവി സേവാസമിതിയും മറ്റൊരു സംഘ്പരിവാര്‍ സംഘടനയും ഹിന്ദു ക്രിക്കറ്റ് കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെക്കുകയും പോലീസ് അനുമതി നേടുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പോലീസ് അനുമതി റദ്ദാക്കി. പിന്നീട് ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പോലീസ് നടപടിയെടുത്താല്‍ നേരിടുമെന്നായിരുന്നു വിഷയത്തില്‍ ബി.ജെ.പി നേതൃത്വമടക്കം അന്ന് പ്രതികരിച്ചത്.
0 Comments