കൊറോണ: ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കും രോഗം, സ്‌കൂള്‍ അടച്ചു


ദില്ലി: കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. 25 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതില്‍ 23 പേരും ദില്ലിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.
പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദില്ലി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചു. ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കുണ്ട്. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളും സജ്ജമാക്കി.
ലോകത്താകമാനം ഭീതി പടര്‍ത്തി കൊവിഡ് 19 വൈറസ് വ്യാപിക്കുകയാണ്. അമേരിക്കയില്‍ കാലിഫോര്‍ണിയയിലും കൊവിഡ് ബാധയേറ്റ് ഒരാള്‍ മരിച്ചു. അമേരിക്കയിലാകെ 149 പേര്‍ക്ക് രോഗം സ്ഥിരീച്ചു. 10 പേര്‍ ഇതിനോടകം മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഇറ്റലിയിലും വൈറസ് ബാധ തുടരുകയാണ്. 107 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 10 ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സീരി എ ഫുട്‌ബോള്‍ മാച്ചടക്കം മാറ്റിവച്ചിട്ടുണ്ട്. 3,000ത്തില്‍ അധികം കേസുകളാണ് ഇറ്റലിയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ലോകത്താകമാനം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. 90,00ത്തില്‍ അധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഇന്നു മുതല്‍ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments