മാലക്കല്ല്: അധികാര സ്ഥാനങ്ങളില്‍ നിവേദനങ്ങളും പരാതികളും ജോസഫ് കനകമൊട്ടയുടെ ജീവിതവ്രതമായിരുന്നു. എല്ലാം നാടിന് വേണ്ടി.
നിവേദനങ്ങള്‍ നല്കുമ്പോള് അതിന്റെയെല്ലാം ഒരു കോപ്പി സൂക്ഷിച്ചുവെക്കുന്ന ശീലം അവസാനകാലം വരെ കനകമൊട്ടയ്ക്കുണ്ടായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ സൂക്ഷിച്ച കോപ്പി എത്രയോ ചാക്കുകളില്‍ നിറയ്ക്കാന്‍ മാത്രമുണ്ട്.
താന്‍ മരിക്കുമ്പോള്‍ ഈ ഫയലുകളെല്ലാം ഒപ്പം സംസ്ക്കരിക്കണമെന്നായിരുന്നു ജോസഫ് കനകമൊട്ടയുടെ ആഗ്രഹം. ക്രിസ്ത്യാനികളെ സംബന്ധിച്ച് പള്ളികളുമായി ബന്ധപ്പെട്ട് മൃതദേഹം സംസ്ക്കരിക്കാന്‍ മുന്‍കൂട്ടി കല്ലറകള്‍ നിര്‍മ്മിക്കാറുണ്ട്. പള്ളി നിര്‍മ്മിക്കുന്ന കല്ലറകള്‍ നേരത്തെ തന്നെ നിശ്ചിത പണം അടച്ച് കുടുംബത്തിന് സ്വന്തമാക്കാം. മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളി ഇടവകയില്പ്പെട്ടവര് ഓരോ കല്ലറകള്‍ പണമടച്ച് സ്വന്തമാക്കിയപ്പോള്‍ ജോസഫ് കനകമൊട്ട രണ്ട് കല്ലറകള്‍ പണമടച്ച് സ്വന്തമാക്കിയിരുന്നു. മൃതദേഹം സംസ്ക്കരിക്കുന്ന കല്ലറയില്‍ മറ്റൊന്നും സംസ്ക്കരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് തൊട്ടടുത്ത് തന്റെ ഫയലുകള്‍ സംസ്ക്കരിക്കാന്‍ മറ്റൊരുകല്ലറകൂടി ജോസഫ് കനകമൊട്ട മുന്‍കൂട്ടി ബുക്ക് ചെയ്ത് പണം അടച്ചത്.
താന്‍ മരിച്ചാല്‍ അരനൂറ്റാണ്ടിലധികം കാലമായി സൂക്ഷിക്കുന്ന ഫയലുകള്‍ കുടുംബത്തിന് ബാധ്യതയാവും. ഇത് ഒഴിവാക്കുകയായിരുന്നു മറ്റൊരുലക്ഷ്യം. ജോസഫ് കനകമൊട്ടയുടെ വീട്ടുപേര് പറമ്പേട്ട് എന്നാണ്. മാലക്കല്ലിനടുത്ത് ഇദ്ദേഹം വാങ്ങിയ സ്ഥലം കാരമുള്ളുകള്‍ നിറഞ്ഞമൊട്ടക്കുന്നായിരുന്നു. കാരമൊട്ട എന്നത് പരിഷ്ക്കരിച്ച് കനകമൊട്ടയാക്കുകയാണുണ്ടായത്. അങ്ങനെ പറമ്പേട്ട് ജോസഫ,് ജോസഫ് കനകമൊട്ടയായി മാറുകയാണുണ്ടായത്. ജോസഫ് കനകമൊട്ടയെ വിവാഹചടങ്ങിന് ക്ഷണിച്ചാല്‍ അദ്ദേഹം ആര്‍ക്കും സമ്മാനം കൊടുക്കാറില്ല. എന്നാല്‍ ഏതാനും പ്രമാണങ്ങള്‍ അടങ്ങിയ ഒരുലഘുലേഖ എല്ലാ ദമ്പതികള്‍ക്കും സമ്മാനമായി നല്‍കും. ദമ്പതികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രമാണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാര്യക്കും ഭര്‍ത്താവിനും വെവ്വേറെയാണ് പ്രമാണങ്ങള്‍. ഭര്‍ത്താവിന് 16 പ്രമാണങ്ങളും ഭാര്യക്ക് 15 പ്രമാണങ്ങളുമാണ് അടങ്ങിയിട്ടുള്ളത്.
0 Comments