വിമാനത്താവളത്തില്‍ ആള്‍കൂട്ടം; രജിത്കുമാറിനെതിരെ കേസ്


കൊച്ചി: കോവിഡ് ഭീതി നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ തടിച്ചു കൂടിയവര്‍ക്കെതിരെ കേസ്. മത്സരാര്‍ത്ഥി രജിത് കുമാര്‍ അടക്കം പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരില്‍ നൂറോളം പേര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവര്‍ പൊലീസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല. ഇതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയ സാമുദായിക സംഘടനങ്ങള്‍ പോലും സംഘം ചേര്‍ന്നുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുമ്പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്‍പ്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുമ്പില്‍ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

Post a Comment

0 Comments