സുഭാഷിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ നാടും സുഹൃത്തുക്കളും


കാഞ്ഞങ്ങാട്: 'സ്‌നേഹവും കരുതലും അത്രത്തോളമുണ്ടവന് നമ്മുടെ ബാച്ചിലുള്ളവരോടായാലും സീനിയേഴ്‌സിന്റെ ഇഷ്ടം പിടിച്ചുപറ്റുന്നതിലായാലും അവനോളം നല്ല പെരുമാറ്റം മറ്റാര്‍ക്കുണ്ട്'. സുഭാഷിന്റെ കൂട്ടുകാര്‍ കണ്ണീരോടെ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഇതുതന്നെയാണ് അവനെ അറിയാവുന്ന എല്ലാവരുടേയും അഭിപ്രായം.
ഇന്നലെ കോഴിക്കോട് കൂടത്തായി പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട്ടെ വി.വി.സുഭാഷിന്റെ (26) വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും. ഒരു നടുക്കത്തോടെയാണ് സുഭാഷിന്റെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. ഇതോടെ സങ്കടക്കടലിലായിരിക്കുകയാണ് നാട്. കുശാല്‍നഗറിലെ വി.വി.ശോഭനയുടെയും മാധ്യമപ്രവര്‍ത്തകന്‍ കരിന്തളം സ്വദേശി സുകുമാരന്റെയും മൂന്നുമക്കളില്‍ രണ്ടാമനാണ് കെ.എം.സി.ടി കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സുഭാഷ്. അവധിക്ക് ഇന്ന് നാട്ടിലേക്ക് വരാനിരിക്കെയാണ് സുഭാഷിനെ മരണം തട്ടിയെടുത്തത്. സുല്‍ത്താന്‍ബത്തേരിയിലെ സുഹൃത്തിന്റെ ക്ലിനിക്കിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ കാലനായെത്തിയ ടിപ്പര്‍ലോറിയാണ് സുഭാഷിന്റെ ജീവന്‍ കവര്‍ന്നത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് സുഭാഷും സഹോദരന്‍ സുശോഭും മെറിറ്റില്‍തന്നെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. ഇളയ സഹോദരന്‍ സുഭിനും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. സുശോഭ് ഉന്നതബിരുദപഠനം തല്‍ക്കാലത്തേക്ക് ഒഴിവാക്കി ഇളയസഹോദരങ്ങളെ പഠിപ്പിക്കുന്നതിനുവേണ്ടി ജോലിയില്‍ പ്രവേശിക്കുകയാണുണ്ടായത്. കൊടിയ പ്രയാസങ്ങള്‍ക്കിടയിലും അമ്മ വി.വി.ശോഭന വളരെയേറെ കഷ്ടപ്പെട്ടാണ് മൂന്നുമക്കളെയും പഠിപ്പിച്ചത്. മുമ്പ് മണപ്പുറം ഫൈനാന്‍സില്‍ ജീവനക്കാരിയായിരുന്നു ശോഭന. ബാഹ്യ സമ്മര്‍ദ്ദംമൂലം ശോഭനക്ക് മണപ്പുറത്തെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഗോകുലം ചിറ്റ്‌സില്‍ ജോലിക്ക് ചേര്‍ന്നപ്പോഴും ജോലി നഷ്ടപ്പെടുത്താന്‍ ഇതേ സമ്മര്‍ദ്ദം വീണ്ടും ഉണ്ടായി. എന്നാല്‍ ശോഭനയുടെ സാഹചര്യം വ്യക്തമായി പഠിച്ച ഗോകുലം മാനേജ്‌മെന്റ് ജോലിയില്‍ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്.
ഗോകുലത്തില്‍നിന്നുള്ള വരുമാനമായിരുന്നു മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ്.

Post a Comment

0 Comments