കല്യോട്ട് ഇരട്ടക്കൊലയെച്ചൊല്ലി നിയമസഭയില്‍ ബഹളം, വാക്കൗട്ട്


തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
സര്‍ക്കാരിനെയും ഡിജിപിയെയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമാണ് നടക്കുന്നതെന്ന് ഷാഫി ആരോപിച്ചു. അഞ്ച് മാസമായി കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് ഇതിനുദാഹരണമാണ്. ഡിജിപി ആണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രിയെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
തെളിവ് നശിപ്പിക്കാനും കുറ്റവാളികളായ സിപിഎം നേതാക്കളെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതി പണം എടുത്ത് പാര്‍ട്ടി ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും ഷാഫി ആരോപിച്ചു. വിഷയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഷാഫിയുടെ പരാമര്‍ശം തോന്ന്യാസമാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അതിനിടെ, ഷാഫിയെ കള്ള റാസ്‌കല്‍ എന്ന് ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ പറഞ്ഞു എന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് എന്താണ് പെരിയ കേസില്‍ ഇത്ര താല്‍പ്പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിടുവായത്തം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം അങ്ങേക്ക് തന്നെ ഭൂഷണം ആകട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ തിട്ടൂരം നടപ്പാക്കാനുള്ള എ.കെ.ജി സെന്റര്‍ അല്ല സഭ എന്ന് എം.കെ.മുനീര്‍ വിമര്‍ശിച്ചു. ലീഗ് ഹൗസിന്റെ അനുഭവം വെച്ച് മുനീര്‍ സംസാരിക്കേണ്ട എന്ന് പിണറായി മറുപടി നല്‍കി. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, അരയി ഷുക്കൂര്‍ വധക്കേസ്, മട്ടന്നൂര്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകളെല്ലാം സിബിഐക്ക് വിടുന്നതിനെ സിപിഎം ശക്തമായി എതിര്‍ത്തു. ഇതില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസും ഷുഹൈബ് വധക്കേസും സിബിഐ ഏറ്റെടുത്തു. കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ഇടതുസര്‍ക്കാര്‍ ഇതിനകം ലക്ഷങ്ങളാണ് പൊതുഖജനാവില്‍ നിന്നും ചിലവഴിച്ചത്.

Post a Comment

0 Comments