നാട്ടിലെത്തിയ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ലൈന്‍ സേവനം


കാഞ്ഞങ്ങാട്: കൊറോണയെ തുടര്‍ന്ന് നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തി തിരിച്ചു പോകാന്‍ പറ്റാത്തവരായ പ്രവാസികളെ സഹായിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുടുംബത്തെ വിദേശങ്ങളിലാക്കി ചികില്‍സയ്ക്കും മറ്റുമായ് അടിയന്തിരമായി നാട്ടിലെത്തിയവരും, വിസ തീരാറായവരും, വിദേശ രാജ്യത്ത് നിന്നും ഇഷ്യു ചെയ്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തീരാറായവരുമടക്കം, പല വിധത്തില്‍പ്പെട്ട വിഷമങ്ങളില്‍ കുരുങ്ങിയ അനേകം പ്രവാസികളെ സഹായിക്കേണ്ട നോര്‍ക്ക വകുപ്പും, കൊട്ടിഘോഷിക്കപ്പെട്ട ലോക കേരള സഭയും ഇനിയെങ്കിലും ഉറക്കമുണര്‍ന്ന് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ഔചിത്യം കാണിക്കണമെന്നും കൊറോണയെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കൂടിയ അടിയന്തിര പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.
ആയിരക്കണക്കിന് അച്ചടക്കമുള്ള പ്രവാസികളുടെയിടയില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വീഴ്ച്ച വരുത്തിയ ഒന്നോ, രണ്ടോ പ്രവാസികളുടെ പേരില്‍ പ്രവാസികളെ മൊത്തമായ് ക്രൂശിക്കുന്നവര്‍ പിന്തിരിയണമെന്നും, നാട്ടിലെത്തിയ പ്രവാസികളുടെ ഏതാവശ്യത്തിനും പ്രവാസി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ 8138971947, 9526332 092 ബന്ധപ്പെടണം.
കൊറോണയെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അടിയന്തിരമായ് സഹകരിക്കണമെന്ന് എല്ലാ മണ്ഡലം കമ്മിറ്റികളോടും ആവശ്യപ്പെട്ടതായി അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അറിയിച്ചു. കണ്ണന്‍ കരുവാക്കോട്, നാസര്‍ കൊപ്പ, ജോര്‍ജ് കടുമേനി, കുഞ്ഞിരാമന്‍ തണ്ണോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments