മലബാറിലേക്ക് ഒടുവില്‍ 'മെമു' വരുന്നു


കാഞ്ഞങ്ങാട്: മലബാറിന്റെ യാത്രാദുരിതം തീര്‍ക്കാന്‍ ഒടുവില്‍ മെമുട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നു. അടുത്ത മാസത്തോടെ സര്‍വിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട് ഡിവിഷന്‍ അധികൃതര്‍. ഷൊര്‍ണൂര്‍ -മംഗലാപുരം റൂട്ടിലാണ് മെമു മൂളിപ്പറക്കുക. ഷൊര്‍ണൂര്‍ കണ്ണൂര്‍, കണ്ണൂര്‍ മംഗലാപുരം എന്നിങ്ങനെ ഒരു ട്രെയിന്‍ തന്നെ രണ്ടുഘട്ടമായാണ് സര്‍വിസ് നടത്തുക. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ യാത്രാദൈര്‍ഘ്യം പാടില്ലെന്ന നിബന്ധനയെ തുടര്‍ന്നാണ് രണ്ടുഘട്ടമായി സര്‍വിസ് നടത്തുന്നത്. സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 കോടി രൂപ ചെലവിട്ട് പാലക്കാട്ട് മെമു ഷെഡ് നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ മെമു ഓടിക്കാനുള്ള അടിസ്ഥാനസൗകര്യം ഷൊര്‍ണൂരിലുണ്ടാകും. ഷെഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് കോച്ചുകളെത്തിക്കും. പാസഞ്ചറുകള്‍ക്ക് പകരമായാണ് മെമു ഓടുക. ഇതോടെ മലബാറില്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്ന പാസഞ്ചറുകള്‍ ഓരോന്നായി നിര്‍ത്തലാക്കും. ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയുടെ വൈദ്യുതീകരണംകൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഷൊര്‍ണൂര്‍ ഡിപ്പോയിലെ എല്ലാ പാസഞ്ചര്‍ വണ്ടികളും മെമു ആക്കാന്‍ പറ്റൂ. പഴയ മെമുവിനെക്കാള്‍ ഏറെ സൗകര്യമുള്ള ത്രീഫേസ് മെമുവാണ് മലബാറില്‍ ഓടുക. വിസ്താരമേറിയ എട്ട് ബോഗികളാണ് ത്രീഫേസ് മെമുവിന്റെ പ്ര ത്യേകത. ആയിരത്തിലേറെ യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാനാകും. പഴയ മെമുവിനെക്കാള്‍ വേഗതയും കൂടുതലാണ്. 105 കിലോമീറ്റര്‍ വരെ വേഗതയിലേക്ക് ഞൊടിയിടകൊണ്ട് പെട്ടെന്ന് എത്താനാകും. ഇത് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം താണ്ടാന്‍ സഹായിക്കും. ഒരു സ്റ്റേഷനില്‍ ഒരു മിനിറ്റാണ് നിര്‍ത്തുക. അത്യാവശ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറോട് സംസാരിക്കാന്‍ ടോക്ക് ബാക്ക് സംവിധാനവും മെമുവിലുണ്ടാകും. രണ്ടുവശത്തേക്കും നീങ്ങുന്ന ചില്ലുവാതിലുകള്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും കൂടുതല്‍ സൗകര്യമുണ്ടാകും. ജി.പി.എസ് സംവിധാനവും എയര്‍ സസ്‌പെന്‍ഷനും മറ്റൊരു പ്രത്യേകതയാണ്. ഓരോ കോച്ചിലും രണ്ടുവീതം ബയോ ടോയ്‌ലറ്റുകള്‍ ഉണ്ടാവും. കുഷ്യന്‍ സീറ്റുകളും വലിയ ജനാലകളും ആകര്‍ഷകമാക്കും. യാത്രക്കാരുടെ നേരെ പുറത്തുനിന്ന് കല്ല് അടക്കമുള്ള വസ്തുക്കള്‍ പതിക്കാത്ത വിധമാണ് ജനാലകള്‍. എല്‍.ഇ.ഡി വെളിച്ച സംവിധാനം, സ്ത്രീകളുടെ കോച്ചില്‍ സി.സി ടി.വി എന്നിവയും ത്രീഫേസ് മെമുവിന്റെ പ്രത്യേകതകളാണ്. മെമു ഓടിത്തുടങ്ങുന്നതോടെ മലബാറിലെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് മെമു വലിയ അനുഗ്രഹമാകും. ഈ ട്രെയിനുകളില്‍ മതിയായ ബോഗികളില്ലാത്തതിനാല്‍ യാത്ര ദുഷ്‌കരമാണിപ്പോള്‍. തിരക്ക് ഒഴിവാക്കാന്‍ ഹ്രസ്വ, മധ്യദൂര റൂട്ടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ ട്രെയിനുകള്‍ വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇതിന് പരിഹാരമായാണ് മലബാറിലേക്ക് മെമു സര്‍വിസ് വരുന്നത്. നിലവില്‍ കേരളത്തില്‍ കൊല്ലം-എറണാകുളം, പാലക്കാട്, കൊല്ലം-തിരുവനന്തപുരം -നാഗര്‍കോവില്‍ റൂട്ടുകളിലാണ് മെമു ഓടുന്നത്.

Post a Comment

0 Comments