ബാങ്കില്‍ അടയ്ക്കാന്‍കൊടുത്തുവിട്ട പണവുമായി മുങ്ങിയ ജീവനക്കാരന്‍ റിമാന്റില്‍


കാഞ്ഞങ്ങാട്: ഐസ്‌ക്രീം മൊത്തവിതരണ സ്ഥാപനത്തിലെ പണവുമായി മുങ്ങിയ ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.
മംഗലാപുരം രാംശക്തിമിഷനുസമീപത്തെ നാരായണയുടെ മകന്‍ പ്രശാന്തിനെയാണ് (37) ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രശാന്തിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുതിയകോട്ട മുനിസിപ്പല്‍മാര്‍ക്കറ്റിന് സമീപത്തെ ഐസ്‌ക്രീം മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രശാന്തിനെ ഒരാഴ്ചമുമ്പാണ് സ്ഥാപനത്തിലെ അക്കൗണ്ടന്റ് ഉഷ 82200 രൂപ കര്‍ണ്ണാടക ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ അടയ്ക്കാനായി ഏല്‍പ്പിച്ചത്. സ്ഥാപനത്തിന്റെ ബൈക്കുമായി പണമടക്കാന്‍പോയ പ്രശാന്ത് ബൈക്ക് ബസ്റ്റാന്റിന് സമീപം ഉപേക്ഷിച്ച് പണവുമായി മുങ്ങുകയായിരുന്നു. അജാനൂര്‍ മടിയനിലെ ടാക്‌സി ഡ്രൈവര്‍ സുകുമാരന്റെ കാറിലാണ് ഇയാള്‍ പണവുമായി രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട്ടുനിന്നും ടാക്‌സിയില്‍ സീതാംഗോളിയിലേക്ക് പോയ പ്രശാന്ത് അവിടെനിന്നും സുഹൃത്തായ കേശവയേയും കൂട്ടി ബദിയടുക്കയിലേക്ക് പോയി. ഇവിടെനിന്നും ടാക്‌സി പറഞ്ഞുവിട്ടു. നാട്ടിലെത്തിയ സുകുമാരന്‍ കാര്‍ വൃത്തിയാക്കുമ്പോള്‍ സിംകാര്‍ഡ് ഇല്ലാത്ത ഒരുമൊബൈല്‍ഫോണ്‍കിട്ടി. ഈ ഫോണ്‍ ഹോസ്ദുര്‍ഗ് പോലീസിന് കൈമാറി. ഫോണില്‍നിന്നും ലഭിച്ച നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോഴാണ് ഫോണ്‍ പ്രശാന്തിന്റേതാണെന്ന് വ്യക്തമായത്. പോലീസ് പ്രശാന്തിന്റെ സുഹൃത്തായ കേശവയുടെ മകനെ കസ്റ്റഡിയിലെടുക്കുകയും മറ്റൊരുഫോണില്‍ പ്രശാന്തിനെ വിളിച്ച് മംഗലാപുരം ഇന്ത്യാന ആശുപത്രിയിലേക്ക് വരുത്തുകയുമായിരുന്നു. ഇവിടെയെത്തിയപ്പോഴാണ് പ്രശാന്തിനെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments