ഗ്രൂപ്പ് ശക്തം: രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി ആന്റണിക്ക് കത്തെഴുതി


കൊച്ചി: കെ.പി.സി.സിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഗ്രൂപ്പ് ശക്തികള്‍ തടസപ്പെടുത്തുന്നതില്‍ അമര്‍ഷവും നിരാശയും പങ്കുവച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിക്ക് കത്തയച്ചു. ഒരാഴ്ച മുമ്പ് അയച്ച കത്തിനോട് ആന്റണി ഇനിയും പ്രതികരിച്ചിട്ടില്ല. ഗ്രൂപ്പ് നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. കെ.പി. സി.സിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. യോഗം വിളിച്ചാല്‍പ്പോലും ഗ്രൂപ്പുകള്‍ കൂട്ടായി തീരുമാനമെടുത്ത് തന്നെ കടന്നാക്രമിക്കുകയാണ്.
അതു മാധ്യമങ്ങള്‍ വഴി വാര്‍ത്തയാക്കി ആഘോഷിക്കുന്നു. ഈ ചുറ്റുപാടില്‍ തുടരാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാക്കണമെന്നും മുല്ലപ്പള്ളി കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഗ്രൂപ്പ് നേതൃത്വങ്ങളുടെ വാദം നേരെ മറിച്ചാണ്. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നങ്ങള്‍ക്ക് കെ.പി.സി.സിയുടെ ഭാഗത്തു നിന്നു യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. തങ്ങളുമായി കെ.പി.സി.സി. പ്രസിഡന്റ് ഒന്നും ആലോചിക്കുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി പക്ഷത്തിന്റെ നിലപാട്.
മുല്ലപ്പള്ളി ഫോണില്‍പ്പോലും വിളിക്കാറില്ലെന്നും അങ്ങോട്ടു വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നുമാണ് വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ വിമര്‍ശനം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗമായ വി.ഡി. സതീശനും മുല്ലപ്പള്ളിയെപ്പറ്റി പറയാന്‍ പരാതികള്‍ ഏറെയുണ്ട്. പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയില്‍ ആലോചിക്കാതെയാണു പാര്‍ട്ടി നിലപാട് മാധ്യമങ്ങളോട് പറയുന്നതെന്നാണു പ്രധാന വിമര്‍ശനം. സമരപരിപാടികള്‍ക്കു കൂട്ടായ ആലോചന നടക്കുന്നില്ല. സുധീരന്റെ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുംവിധമാണ് കാര്യങ്ങളുടെ പോക്കെന്നും വിമര്‍ശനമുണ്ട്. പ്രസിഡന്റും പാര്‍ലമെന്ററി പാര്‍ട്ടിയും ഇരു വശത്തേയ്ക്കാണ് പോക്ക്.
എം.എല്‍.എമാരുടെ യോഗം വിളിച്ചുകൂട്ടാന്‍ പോലും പ്രസിഡന്റ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കില്ല എന്ന നിലപാടെടുക്കാന്‍ മുല്ലപ്പള്ളിക്ക് അധികാരമില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ളയാതൊരു പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് ഇതുവരെ ആരംഭിച്ചിട്ടില്ല. മുല്ലപ്പള്ളി പരാതിക്കാരനായി എത്തിയതോടെ കെ.സി.വേണുഗോപാല്‍ വിഷയത്തില്‍ ഇടപെടുമെന്നാണു സൂചന.
വേണുഗോപാലിനു രാഹുല്‍ഗാന്ധിയിലുള്ള സ്വാധീനം ഗ്രൂപ്പുകളെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യസഭയില്‍ ഒരുവര്‍ഷം കഴിഞ്ഞുവരുന്ന ഒഴിവിലേക്കു മുല്ലപ്പള്ളിയെ പരിഗണിക്കാന്‍ അണിയറയില്‍ ആലോചനകള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് കത്ത് വിവാദം.

Post a Comment

0 Comments