വനിതാ വില്ലേജ് ഓഫീസര്‍ക്ക് പിന്നാലെ കളക്ടര്‍ക്ക് നേരേയും മണല്‍ കള്ളക്കടത്തുകാരന്റെ ഭീഷണി


കാസര്‍കോട്: വനിതാവില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ മണല്‍കടത്ത് കേസിലെ പ്രതി ജില്ലാകളക്ടറെയും ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു.
കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശപ്രകാരമാണ് ഉളുവാറിലെ ഓണന്ത ലത്വീഫിനെതിരെ (40) കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വധഭീഷണി മുഴക്കിയതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മണല്‍ മാഫിയ തലവന്റെ ഭീഷണി ഉണ്ടായെങ്കിലും ബംബ്രാണ വില്ലേജ് ഓഫീസിലെ വനിതാ ഓഫീസര്‍ കീര്‍ത്തന പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
പോലീസ് സ്വമേധയാ യാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വനിതാ വില്ലേജ് ഓഫീസറെയും കലക്ടറെയുമടക്കം ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തനിക്ക് ആരെയും ഭയമില്ലെന്നും തനിക്കെതിരെ നീങ്ങിയാല്‍ കൊല്ലുമെന്നുമാണ് യുവാവ് പറയുന്നത്. താന്‍ എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ട് കളിക്കുന്ന ആളാണെന്നും വീഡിയോയില്‍ ലത്വീഫ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ അടയ്ക്കാത്തതിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം റവന്യൂ റിക്കവറി നോട്ടീസ് ബംബ്രാണ വില്ലേജ് ഓഫീസര്‍ ലത്വീഫിന്റെ വീട്ടില്‍ പതിച്ചത്. ഇതറിഞ്ഞാണ് യുവാവ് വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫീസറെയും പിന്നീട് കലക്ടറെയും ഭീഷണിപ്പെടുത്തിയത്. നേരത്തെ കലക്ടറുടെ ഉത്തരവ് കൈമാറാനെത്തിയപ്പോഴും തോക്കുചൂണ്ടി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ ഭയം കാരണം പരാതി നല്‍കാന്‍ വനിതാ വില്ലേജ് ഓഫീസര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
പോലീസിനേക്കാള്‍ വിപുലമായ സംവിധാനങ്ങള്‍ ഉള്ളവരാണ് മണല്‍കള്ളക്കടത്ത് ലോബികള്‍. റവന്യൂവിലും പോലീസിലും നിരവധിപേരെ മണല്‍കള്ളക്കടത്ത് സംഘ ങ്ങള്‍ പോറ്റുന്നുണ്ട്.

Post a Comment

0 Comments