ഉംറ കഴിഞ്ഞെത്തിയവര്‍ക്ക് കൊറോണയെന്ന് സംശയം


രാജപുരം: ഉംറ കഴിഞ്ഞെത്തിയ രണ്ട് പേരെ കൊറോണ രോഗ ലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കേരള -കര്‍ണാടക പ്രദേശമായ കര്‍ണാടക ചെമ്പേരി ആനപ്പാറയിലെ രണ്ട് പേരെയാണ് ഇന്നലെ വൈകീട്ടോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ കര്‍ണ്ണാടക കരിക്കൈ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ ഉംറ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. അതിന് ശേഷം ഇതിലൊരാള്‍ കേരള അതിര്‍ത്തി പ്രദേശമായ പാണത്തൂരില്‍ വന്നുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്.
അതിനിടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും ഊര്‍ജിതമായ പരിശോധനകളാണ് നടത്തിവരുന്നത്. ചെമ്പേരിയില്‍ പ്രത്യേക പരിശോധന കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തികടന്ന് ട്രെയിന്‍ വഴിയും വാഹനങ്ങള്‍ വഴിയും ജില്ലയിലൂടെ കടന്നുപോകുന്നവരെ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി വരികയാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 303 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പരിശോധനയ്ക്ക് അയച്ച 28 സാമ്പിളുകളുടെ പരിശോധനാഫലം ഇതുവരെയും ലഭ്യമായിട്ടില്ല. പുതിയതായി ആറ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗവ്യാപനത്തിന് ഗൗരവം കണക്കിലെടുത്ത് വാര്‍ഡ് തലം മുതലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.
രോഗ വ്യാപനം തടയുന്നതിന് ഭാഗമായി ജനങ്ങള്‍ പരസ്പരം സമ്പര്‍ക്കം കുറയ്‌ക്കേണ്ടതും ഒഴിവാക്കാവുന്ന ചടങ്ങുകളും ആളുകള്‍ കൂടുതല്‍ കൂടാന്‍ ഇടയുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നും, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്നുവരുന്ന വാഹനങ്ങളുടെ പരിശോധന പോലീസ് വകുപ്പിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഊര്‍ജിതമായി നടപ്പിലാക്കിവരികയാണ്.
മഞ്ചേശ്വരം, കാസര്‍കോട് നീലേശ്വരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ന് മുതല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് പരിശോധന നടത്തുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.രാമദാസ് അറിയിച്ചു.

Post a Comment

0 Comments