കൊവിഡ് ഭീതി: രക്തം ലഭിക്കാതെ വലഞ്ഞ് അര്‍ബുദ രോഗികള്‍


കണ്ണൂര്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കോളജുകളും സ്‌കൂളുകളും അടച്ചതും വ്യാജ പ്രചാരണങ്ങളും മൂലം രക്തം ലഭിക്കാതെ വലഞ്ഞ് തിരുവനന്തപുരം ആര്‍.സി.സിയിലെയും~തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേയും അര്‍ബുദ രോഗികള്‍.
ദിനംപ്രതി നൂറോളം യൂനിറ്റ് രക്തമാണ് ഇവിടങ്ങളില്‍ ആവശ്യമായി വരുന്നത്. ഇതില്‍ പല രോഗികള്‍ക്കും അഞ്ച് യൂനിറ്റ് രക്തംവരെ വേണ്ടിവരും. എന്നാല്‍ ഒരാഴ്ചയായി ആര്‍.സി.സിയിലെ രക്ത ബാങ്ക് ഒഴിഞ്ഞ അവസ്ഥയിലാണ്. സാധാരണ ഓരോ ദിവസവും നൂറ് യൂനിറ്റ് വരേയെങ്കിലും രക്തം ഇവിടെ ലഭിച്ചിരുന്നു. സന്നദ്ധ സംഘടനകളും കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിവിധ യുവജന പ്രസ്ഥാനങ്ങളും രക്തം നല്‍കാന്‍ എത്തിയിരുന്നെങ്കിലും നിയന്ത്രണം കര്‍ശനമായതോടെ ഇതെല്ലാം നിലച്ച അവസ്ഥയിലാണ്. ബ്ലഡ് ബാങ്കിലെ രക്തം ഇല്ലാതാവുന്ന അവസ്ഥയില്‍ ആര്‍.സി.സിയില്‍നിന്ന് വിവിധ സ്ഥലങ്ങളിലും കോളജുകളിലും സ്ഥാപനങ്ങളിലുമെത്തി രക്തം ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ക്യാമ്പുകള്‍ക്ക് നിയന്ത്രണം വന്നതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങാത്തതും ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്ന നിര്‍ദ്ദേശവും രക്തം നല്‍കാനെത്തുന്നവരുടെ വരവിനെ ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രക്തം ലഭിക്കേണ്ട രോഗികളുടെ ബന്ധുക്കള്‍ സി.എച്ച് സെന്റര്‍, അഭയ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടേയും ഓഫീസുകളില്‍ വിളിച്ച് കരയുകയായിരുന്നെന്ന്‌സന്നദ്ധ പ്രവര്‍ത്തകനായ ഷാജി അട്ടക്കുളങ്ങര പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും മുന്നോട്ടുവരണമെന്നും രോഗികളുടെ ആശങ്ക അകറ്റണമെന്നും രക്തം ലഭിക്കാത്തതിന്റെ പേരില്‍ ഒരു രോഗിയുടെ ജീവനും പൊലിയരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്നും വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.

Post a Comment

0 Comments