എല്ലാ രാജ്യാന്തര വിമാന സര്‍വ്വീസുകളും സൗദിഅറേബ്യ നാളെ മുതല്‍ നിര്‍ത്തും


റിയാദ്: കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രണ്ട് ആഴ്ചത്തേക്ക് രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം സൗദി അറേബ്യ നിര്‍ത്തി. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.
ഞായറാഴ്ച രാവിലെ 11 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ രണ്ടാഴ്ച കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കുമെന്നും അറിയിച്ചു. ഈ കാലയളവില്‍ തിരികെ സൗദിയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തിരികെയെത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം വേണ്ട സഹായം ഒരുക്കുമെന്നും അറിയിച്ചു.
നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലേക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ പുതിയതായി 24 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എല്ലാ രാജ്യാന്തര സര്‍വ്വീസുകളും നിര്‍ ത്തിവെക്കാന്‍ തീരുമാനിച്ചത്.
നിയന്ത്രണ അറിയിപ്പുകള്‍ ലഭിച്ചതോടെ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും സൗദിയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും അവിടേക്കെത്താന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഒരുക്കി. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്ന് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നാളെ പുലര്‍ച്ചെ 4.50ന് സ്‌പൈസ് ജെറ്റും രാവിലെ 11.15ന് ഇന്‍ഡിഗോയും ജിദ്ദയിലേക്ക് പ്രത്യേക സര്‍വീസ് നടത്തും.
എയര്‍ ഇന്ത്യ ഇന്നു രാത്രി സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പതിവു പോലെ ഇന്നു വൈകിട്ട് 5ന് സൗദിയിലേക്കു പോകുന്ന വിമാനം സൗദി സമയം രാത്രി 12ന് മുമ്പായി കോഴിക്കോട്ടേക്ക് തിരിക്കും. തുടര്‍ന്ന് ഹൈദരാബാദിലേക്കു പോകും.

Post a Comment

0 Comments