ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16 ഞായറാഴ്ച ഇന്ത്യയെ സംബന്ധിച്ച് നാണക്കേടിന്റെ ഒരു കറുത്ത അദ്ധ്യായമാണ്. സുഹൃത്തിനൊപ്പം സിനിമ കാണാന്‍ പോയി, ബസില്‍ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ ആറു നരാധമന്മാര് പിച്ചിച്ചീന്തിയ ദുര്‍ദിനം. ബസ് ഡ്രൈവര്‍ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരന് മുകേഷ് സിംഗ് (ജയില്‍ വാസത്തിനിടെ ആത്മഹത്യ ചെയ്തു), ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന വിനയ് ശര്‍മ്മ, പഴക്കച്ചവടക്കാരന് പവന് ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടിയുണ്ട് (ഇയാളെ മൂന്ന് വര്‍ഷത്തെ ജുവനൈല്‍ വാസത്തിനു ശേഷം കോടതി വെറുതെ വിട്ടു) എന്നിവരായിരുന്നു പ്രതികള്‍.
പോലീസിന്റെ പിടിയിലായതിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെയും ശിക്ഷനടപ്പിലാക്കരുത് എന്ന് കാണിച്ച് സുപ്രീം കോടതി പ്രതികള്‍ ഹര്‍ജികള്‍ നല്കികൊണ്ടേയിരുന്നു. ഇതിനിടയില്‍ രാഷ്ട്രപതിയുടെ മുമ്പാകെ ദയാര്ഹര്ജിയും സമര്‍പ്പിക്കപ്പെട്ടു. ഇവയെല്ലാം തള്ളിയതിനു ശേഷവും രാജ്യാന്തരകോടതിയില്‍ ഹര്‍ജിയുമായി സമീപിച്ച് ശിക്ഷ നട്ടികൊണ്ടുപോകാന് പ്രതികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഭൂമിയിലെ ഏറ്റവും അര്‍ഹിക്കുന്ന വിധി ഏറ്റുവാങ്ങാന്‍ തന്നെയായിരുന്നു ഈ മനുഷ്യമൃഗങ്ങളുടെ വിധി.
സുഹൃത്തിനൊപ്പം ദക്ഷിണ ഡല്‍ഹി സാകേതിലെ ഒരു മാളിലുള്ള മള്‍ട്ടിപ്ലക്സില്‍ സിനിമ കണ്ട് നിര്‍ഭയയും സുഹൃത്തും വീട്ടിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറി മുനീര്‍ക്ക സ്റ്റോപ്പില്‍ ഇറങ്ങി. അര മണിക്കൂറോളം ബസ് കാത്തു നിന്നു. വന്നത് സ്വകാര്യ ബസാണ്. പത്തു രൂപ നിരക്കില്‍ പാലം ഭാഗത്ത് ഇറക്കാമെന്ന് ജീവനക്കാര്‍ പറഞ്ഞു.
യാത്രയ്ക്കിടെ, ബസിലുണ്ടായിരുന്ന പ്രതികള്‍ ഇരുവരെയും അശ്ളീല പരമാര്‍ശങ്ങളോടെ കളിയാക്കി. ഇതിനെതിരെ നിര്‍ഭയയുടെ സുഹൃത്ത് പ്രതികരിച്ചപ്പോള്‍ പ്രതികളില്‍ ഒരാള്‍ യുവതിയെ കയറിപ്പിടിച്ചു. തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് അവശനാക്കിയശേഷം ഡ്രൈവറുടെ സീറ്റിനു പുറകില്‍ കെട്ടിയിട്ടു. യുവതിയെ ബസിന്റെ പിന്‍ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തി. ഒപ്പം മാരകമായ പീഡനമുറകളും പ്രയോഗിച്ചു. ബസ് ദ്വാരക, മഹിപാല്‍പൂര്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി.
രാത്രി 10.15 ന് ഇരുവരെയും നഗ്നരാക്കി മഹിപാല്‍പൂര്‍ ഫ്ളൈ ഓവറിനു സമീപം വിജനമായ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. അതുവഴി വന്ന വഴിയാത്രക്കാരന്റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂം വാഹനം ഇരുവരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചു. യുവതിയെ ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
പിറ്റേന്ന് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. യുവതി ഗുരുതരാവസ്ഥയിലായിരുന്നു. യുവാവിനെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. സിസി ടിവി ക്യാമറയില്‍ നിന്നു ശേഖരിച്ച ചിത്രത്തിന്റെ സഹായത്തോടെ പോലീസ് ഡല്‍ഹി അതിര്‍ത്തിയായ ഗുഡ്ഗാവില്‍ നിന്ന് ബസ് പിടിച്ചെടുത്തു. ബസ് ഡ്രൈവര്‍ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരന് മുകേഷ്, ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന വിനയ് ശര്‍മ്മ, പഴക്കച്ചവടക്കാരന് പവന് ഗുപ്ത എന്നിവരെ വിവിധ ഇടങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ബസ് ഉടമ പ്രദീപ് യാദവും പിടിയിലായി. രാജു, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്കായി പോലീസ് രാജസ്ഥാന്, യു.പി, ബീഹാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തി.
അടിവയര്‍ ഭാഗത്തും രഹസ്യഭാഗങ്ങളിലും അതീവഗുരുതരമായി പരിക്കേറ്റിരുന്ന യുവതിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി വന്‍കുടല്‍ നീക്കം ചെയ്തു. പിന്നീട് പ്രതികള്‍ കൈക്കലാക്കിയിരുന്ന യുവതിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍, രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളായ അക്ഷയ് താക്കൂറിനെ ബീഹാറില്‍ നിന്നും രാജുവിനെ യു.പിയിലെ ബദാവില് നിന്നും പിടികൂടി.
യുവതിയുട നില വീണ്ടും വഷളായതോടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി രാത്രി 11 മണിയോടെ എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കും മാതാപിതാക്കള്‍ക്കും രണ്ടുമണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് നല്കി. ഡിസംബര്‍ 29ന് പുലര്‍ച്ചെ 2.15ന് സിംഗപ്പൂര്‍ ആശുപത്രിയില്‍ നിര്‍ഭയ മരണപ്പെട്ടു.
0 Comments